Kerala
27ാം രാവിന്റെ പുണ്യം തേടി വിശ്വാസിലക്ഷങ്ങൾ സ്വലാത്ത് നഗറിൽ
സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി രചന നിർവഹിച്ച ഉള്ളാൾ തങ്ങളുടെ ഇംഗ്ലീഷിലുള്ള സമഗ്ര ജീവചരിത്രം പ്രകാശിതമായി
മലപ്പുറം | റമസാൻ 27ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ സ്വലാത്ത് നഗറിൽ ഒഴുകിയെത്തി. ഇരുപത്തിയേഴാം രാവിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ ഒരുമിച്ചുകൂടുന്ന അത്യപൂർവ പ്രാർഥനാ നഗരികളിലൊന്നാണ് സ്വലാത്ത് നഗർ. മാസം തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ വാർഷികം കൂടിയാണിത്.
ഇന്നലെ പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. പ്രഭാതം മുതൽ തന്നെ മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ വിവിധ ആത്മീയ സദസ്സുകൾ നടന്നു. ഉച്ചക്ക് ഒന്ന് മുതൽ നടന്ന അസ്മാഉൽ ബദ്്രിയ്യീൻ മജ്‌ലിസോടെ പരിപാടികൾക്ക് തുടക്കമായി.
വൈകിട്ടോടെ പ്രധാന ഗ്രൗണ്ടും മഅ്ദിൻ ഗ്രാൻഡ് മസ്ജിദും നിറഞ്ഞു കവിഞ്ഞു. തുടർന്ന് ഒരു ലക്ഷം പേർ സംബന്ധിച്ച മെഗാ ഇഫ്ത്വാർ നടന്നു. മഗ് രിബ്, ഇശാഅ്, അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങൾ പ്രധാന വേദിയിലും ഗ്രാൻഡ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു. രാത്രി ഒമ്പതിന് സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാർഥനയോടെ സമാപന പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്്‌ലിയാർ അധ്യക്ഷത വഹിച്ചു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർഥനക്കും നേതൃത്വം നൽകി. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉദ്‌ബോധനം നടത്തി. സ്വലാത്ത്, തഹ്്ലീൽ, ഖുർആൻ പാരായണം, തൗബ, പ്രാർഥന എന്നിവ നടന്നു. ഡോ. അഹ്്മദ് അവ്വാദ് ജുമുഅ അൽ കുബൈസി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ, സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്്മാൻ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്്‌ലിയാർ, കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാർ കട്ടിപ്പാറ, കെ പി അബൂബക്കർ മുസ്്‌ലിയാർ പട്ടുവം, കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ഫിർദൗസ് സഖാഫി കടവത്തൂർ, ചാലിയം എ പി അബ്ദുൽ കരീം ഹാജി പ്രസംഗിച്ചു.
മഅ്ദിൻ അക്കാദമിയുടെ സംരംഭങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനും മഅ്ദിൻ കുടുംബാംഗങ്ങളുടെ വിവിധ ആവശ്യങ്ങൾ കാര്യക്ഷമമായി നിവർത്തിക്കുന്നതിനുമായി മഅ്ദിൻ ഫാമിലി എന്ന പേരിൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആപ്പിന്റെ ലോഞ്ചിംഗ് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നിർവഹിച്ചു.
സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി രചന നിർവഹിച്ച ഉള്ളാൾ തങ്ങളുടെ ഇംഗ്ലീഷിലുള്ള സമഗ്ര ജീവചരിത്രം പ്രകാശിതമായി. കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഇ സുലൈമാൻ മുസ്്ലിയാർക്ക് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്.