Connect with us

arrest

ലക്ഷങ്ങളുടെ ക്രമക്കേട്: മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍

പണാപഹരണ തട്ടിപ്പില്‍ മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടറെ വയനാട് വിജിലന്‍സ് ഡി വൈ എസ് പി അബ്ദുല്‍റഹീമും സംഘവും അറസ്റ്റ് ചെയ്തു

Published

|

Last Updated

മാനന്തവാടി | പണാപഹരണ തട്ടിപ്പില്‍ മുന്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു അലക്‌സാണ്ടറെ വയനാട് വിജിലന്‍സ് ഡി വൈ എസ് പി അബ്ദുല്‍റഹീമും സംഘവും അറസ്റ്റ് ചെയ്തു. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ 2013 മുതല്‍ 2017 വരെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതെ 106 ചെക്കുകളിലൂടെ മുക്കാല്‍ കോടിയോളം രൂപ പിന്‍വലിച്ച് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതിനും, മറ്റ് ക്രമക്കേടുകള്‍ നടത്തിയതിനും 2019 ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുമ്പ് ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സമാന രീതിയിലുള്ള വിജിലന്‍സ് കേസുകളില്‍ നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ കാരണം അറസ്റ്റുകള്‍ ഉണ്ടാകാറില്ലെങ്കിലും അതില്‍ നിന്നും വ്യത്യസ്തമായാണ് അറസ്റ്റ് നടന്നത്.

2013 ജൂണ്‍ മുതല്‍ ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതെയും, കണ്ടിജന്റ് ബില്ലുകള്‍ ഇല്ലാതെയും 81,92,075 രൂപ സ്വകാര്യ ആവശ്യത്തിനായി ഇയാള്‍ പിന്‍വലിച്ചു. ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് 3,30,000 രൂപ മാതാപിതാക്കളുടേയും കീഴ് ജീവനക്കാരിയുടേയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. വ്യാജ ബില്ല് തയ്യാറാക്കി 1,10,000 തട്ടി. ആത്മ, പി എം കെ എസ് വൈ സ്‌കീമുകളുടെ പേരില്‍ തട്ടിപ്പ് നടത്തി തുടങ്ങിയ നിരവധി ക്രമക്കേടുകളാണ് ബാബു അലക്‌സാണ്ടറിനെതിരെയുള്ളത്.

2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ധനവിനിയോഗം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ ധനകാര്യവകുപ്പിനു നിര്‍ദേശം ലഭിച്ചിരുന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പാക്കിയ കൃഷിവകുപ്പിന്റെ പദ്ധതികളെപ്പറ്റി അന്വേഷണം നടത്തിയപ്പോള്‍ പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേട് വ്യക്തമായി. പദ്ധതികള്‍ പൂര്‍ത്തിയായ ശേഷം മാത്രം ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ട് മുഖേന നല്‍കാന്‍ അനുവദിക്കപ്പെട്ട തുകകളില്‍ പലതും അസിസ്റ്റന്റ് ഡയറക്ടര്‍ സ്വയം ചെക്കുകള്‍ ഉപയോഗിച്ച് പിന്‍വലിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ബാബു അലക്സാണ്ടറിനെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്യുകയും പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയുമായിരുന്നു.

വിജിലന്‍സ് സംഘത്തില്‍ ഡി വൈ എസ് പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ പി ശശിധരന്‍, എ യു ജയപ്രകാശ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ജി റെജി, എസ് കൃഷ്ണകുമാര്‍, കെ എ സുരേഷ്, സി ഗിരീഷ്, എസ് സി പി ഒമാരായ പ്രദീപ്കുമാര്‍, ഗോപാലകൃഷ്ണന്‍, ബാലന്‍, സി പി ഒമാരായ അജിത്ത്കുമാര്‍, ധനേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

Latest