National
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹര്‍ജി സുപ്രീംകോടതി 27ന് പരിഗണിക്കും
വധശ്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്
ന്യൂഡല്‍ഹി| ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 27ന് സുപ്രീംകോടതി പരിഗണിക്കും. ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യം പുറത്തിറങ്ങും എന്നതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ഹര്‍ജിയില്‍ മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ശശി പ്രഭു എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചത്. വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടെന്തെന്ന് അറിഞ്ഞ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാമെന്ന് അറിയിച്ചുകൊണ്ട് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചത്.
അഭിഭാഷകന്‍ ശശി പ്രഭുവാണ് മുഹമ്മദ് ഫൈസിലാനായി ഹര്‍ജി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കോടതിയില്‍ ഹാജരാകും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനോട് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകര്‍ നാളെ ആവശ്യപ്പെടും. വധശ്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.