National
ലക്ഷദ്വീപ് കരട് മദ്യനയം: അമിനിയിൽ സുന്നി സംഘടനകളുടെ പ്രതിഷേധമിരമ്പി
ഡെപ്യൂട്ടി കലക്ടർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകുകയും ചെയ്തു.
അമിനി (ലക്ഷദ്വീപ് )| ലക്ഷദ്വീപ് ഭരണകൂടമിറക്കിയ പുതിയ കരട് മദ്യ നയത്തിനെതിരെ സുന്നി സംഘടനകളുടെ പ്രതിഷേധമിരമ്പി. ലക്ഷദ്വീപിൽ മദ്യം വിളമ്പാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് മുസ്‍ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. ഡെപ്യൂട്ടി കലക്ടർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകുകയും ചെയ്തു.
വിവിധ സുന്നി സംഘടനകളുടെ നിവേദനം ബി സി ഇസ്മായിൽ മദനി, അഹ്‌മദ് സൈദ് ശൈകോയ ബാഖവി, ഇല്യാസ് അഹ്സനി, ഇസ്മായിൽ സഅദി എന്നിവർ ഡെപ്യൂട്ടി കലക്ടർക്ക് കൈമാറി. സാമൂഹിക പരിസ്ഥിതിക്ക് വിനാശം വിതക്കുന്ന മദ്യം നാടിനാപത്താണെന്നും ലക്ഷദ്വീപിൽ മദ്യം കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ റാലിയിൽ മുജീബ് റഹ്മാൻ സഖാഫി സംസാരിച്ചു. മുഹമ്മദ് നസീം ബാഖവി, ഹമീദ് അശ്‌റഫി, നിസാമുദ്ധീൻ സഖാഫി, ഇർഫാൻ സഖാഫി, ശബീറലി ഹാഷിമി, അബ്ദുൽ ബാരി സഖാഫി, ദുൽകിഫിൽ സഖാഫി, പി പൂകുഞ്ഞി, ഹസകോയ എം സംബന്ധിച്ചു.
സൈദലി സിദ്ധീഖി സ്വാഗതവും ഇസ്മായിൽ മദനി സമാപന പ്രാർത്ഥനയും നടത്തി.