Connect with us

Web Special

ലക്ഷദ്വീപ് എം പിയെ അയോഗ്യനാക്കിയത് റോക്കറ്റ് വേഗത്തില്‍

ഇത്ര വേഗതയില്‍ ഒരു പാര്‍ലിമെന്റംഗത്തെയും അയോഗ്യരാക്കിയിട്ടുമില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് ലോക്‌സഭാംഗം മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത് റോക്കറ്റ് വേഗത്തില്‍. ജനുവരി 11നാണ് കവരത്തി സെഷന്‍സ് കോടതി ഫൈസലിനെ വധശ്രമ കേസില്‍ ശിക്ഷിച്ചത്. രണ്ടാം ദിവസം ജനുവരി 13ന് അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

2013 ജൂലൈ 10ന് ലിലി തോമസ് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരമാണ് അയോഗ്യത കല്പിച്ചത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിലധികം തടവുശിക്ഷ വിധിച്ചാല്‍ പാര്‍ലിമെന്റ്, നിയമസഭ, നിയമനിര്‍മാണ സമിതി അംഗങ്ങളെ അയോഗ്യരാക്കണം എന്നാണ് കോടതി വിധിച്ചത്. ഉടനടി അയോഗ്യരാക്കാം എന്ന് വിധിയിലുണ്ട്. എന്നാല്‍, മുമ്പെങ്ങുമില്ലാത്ത ധൃതിയിലാണ് ഇത്തവണ ഫൈസലിനെ അയോഗ്യനാക്കിയത്. മേല്‍ക്കോടതിയില്‍ വിധി സ്റ്റേ ചെയ്യുന്നത് കാത്തിരിക്കാതെയായിരുന്നു അയോഗ്യത കല്പിക്കല്‍. നിലവില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഫൈസലിന് അര്‍ഹതയുണ്ട്.

മാത്രമല്ല, ഇത്ര വേഗതയില്‍ ഒരു പാര്‍ലിമെന്റംഗത്തെയും അയോഗ്യരാക്കിയിട്ടുമില്ല. കാലിത്തീറ്റ കേസില്‍ ലാലുപ്രസാദ് യാദവിനെ കോടതി ശിക്ഷിച്ചപ്പോള്‍ മൂന്ന് ആഴ്ചക്ക് ശേഷമാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യതാ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്താല്‍ അയോഗ്യത പിന്‍വലിക്കാന്‍ സാധിക്കുമോയെന്നത് സംശയമാണ്. ശിക്ഷാവിധി സ്‌റ്റേ ചെയ്താല്‍ അയോഗ്യത മരവിപ്പിക്കാമെന്ന് 2020ലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ ജനപ്രതിനിധിയായി തുടരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യാം. എന്നാല്‍, അത് അപൂര്‍വമാണ്. എൻ സി പിയുടെ ലോക്സഭാംഗമാണ് ഫൈസൽ.

Latest