National
പാർലമെന്റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരൻ ലളിത് മോഹൻ ഝായെ പോലീസ് കസ്റ്റഡിയിൽ വിട്ടു
വ്യാഴാഴ്ച രാത്രി വൈകിയാണ് ലളിത് ഡൽഹി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ന്യൂഡൽഹി | പാർലമെന്റ് അതിക്രമ കേസിലെ മുഖ്യ സൂത്രധാരൻ ലളിത് മോഹൻ ഝായെ ഡൽഹി പട്യാല ഹൗസ് കോടതി 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാഴാഴ്ച രാത്രി വൈകിയാണ് ലളിത് ഡൽഹി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയോടൊപ്പം ഡൽഹിയിലെ ഡ്യൂട്ടി പാത്ത് പോലീസ് സ്റ്റേഷനിൽ എത്തിയായിരുന്നു കീഴടങ്ങൽ.
പാർലമെന്റ് അതിക്രമത്തിന്റെ വീഡിയോ ലളിത് പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും കൊൽക്കത്തയിലെ ഒരു എൻജിഒയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തെളിവ് നശിപ്പിക്കാൻ വേണ്ടി എല്ലാ കൂട്ടാളികളുടെയും മൊബൈൽ ഫോണുകളും ഇയാൾ കൊണ്ടുപോയി.
മൊബൈൽ ഫോണുകൾ കത്തിച്ച ശേഷം ശേഷം ബസിലാണ് ലളിത് രാജസ്ഥാനിലെ നാഗൗറിലെത്തിയത്. അവിടെ അദ്ദേഹം തന്റെ രണ്ട് സുഹൃത്തുക്കളെ കണ്ടുമുട്ടുകയും ഒരു ഹോട്ടലിൽ രാത്രി ചെലവഴിക്കുകയും ചെയ്തു. പൊലീസ് തിരച്ചിൽ നടത്തുകയാണെന്നറിഞ്ഞപ്പോൾ സുഹൃത്തിനോടൊപ്പം ബസിൽ ഡൽഹിയിലേക്ക് മടങ്ങുകയും കീഴടങ്ങുകയുമായിരുന്നു.
അതേസമയം, ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ശനിയാഴ്ചയോ ഞായറാഴ്ചയോ പാർലമെന്റിൽ സുരക്ഷാ വീഴ്ചയുടെ രംഗം പുനഃസൃഷ്ടിക്കും. ഇതിനായി എല്ലാ പ്രതികളെയും പാർലമെന്റ് സമുച്ചയത്തിലേക്ക് കൊണ്ടുപോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതോടെ പ്രതികൾ എങ്ങനെയാണ് പാർലമെന്റ് മന്ദിരത്തിൽ കടന്നതെന്നും എങ്ങനെയാണ് പദ്ധതി നടപ്പാക്കിയതെന്നും ഡൽഹി പൊലീസ് കണ്ടെത്തും.