First Gear
വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലംബോര്‍ഗിനി
ഉറുസ് എസ് യുവി, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലംബോര്‍ഗിനി മോഡലാണ്.
ന്യൂഡല്‍ഹി| വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി. തങ്ങളുടെ നാനൂറാമത്തെ സൂപ്പര്‍കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചാണ് ലംബോര്‍ഗിനി ആഘോഷമാക്കിയത്. കഴിഞ്ഞ വര്‍ഷം കമ്പനി 86 ശതമാനം വളര്‍ച്ച നേടിയതായി പറയപ്പെടുന്നു. അവസാനത്തെ 100 യൂണിറ്റുകള്‍ക്ക് വെറും ആറ് മാസമെടുത്ത് മാത്രമാണ് കമ്പനി നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. ഈ അവസരത്തില്‍, ബ്രാന്‍ഡ് ഗോവയിലെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി തങ്ങളുടെ മൂന്നാമത്തെ ‘ലംബോര്‍ഗിനി ഡേ’ എക്സ്പീരിയന്‍ സംഘടിപ്പിക്കുകയും ചെയ്തു.
ലംബോര്‍ഗിനി 2007ലാണ് രാജ്യത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒരൊറ്റ ഡീലറുടെ പങ്കാളിത്തത്തോടെയാണ് ലംബോര്‍ഗിനി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 15 വര്‍ഷത്തിന് ശേഷം, സാന്റ് അഗത ആസ്ഥാനമായുള്ള കമ്പനി രാജ്യത്ത് 400 കാറുകള്‍ വിതരണം ചെയ്ത് പുതിയ നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ്. നിലവില്‍ ബെംഗളുരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ബ്രാന്‍ഡിന് ഡീലര്‍ ശൃംഖലയുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ബ്രാന്‍ഡ് 300-യൂണിറ്റ് വില്‍പ്പന കൈവരിച്ചിരുന്നു. ഉറുസ് എസ് യുവി, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലംബോര്‍ഗിനി മോഡലാണ്. 2021 മാര്‍ച്ചില്‍ കമ്പനി ഇന്ത്യയില്‍ 100-ാമത് ഉറുസ് വിതരണം ചെയ്തു. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്നുള്ള ഉറു സിന്റെ ലോഞ്ച് ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും മാറ്റം വരുത്തിയിരിക്കുകയാണ്. പുതിയ പതിപ്പ് എത്തുന്നത് വില്‍പ്പന ഒന്നുകൂടി വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.