Connect with us

lamborghini

ലംബോർഗിനി കേരളത്തിലേക്ക്; മന്ത്രിയുമായി ചർച്ച നടത്തി

സംസ്ഥാനത്ത് ആഡംബര ബ്രാൻഡായ ലംബോർഗിനിക്ക് വലിയ സാധ്യതകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ലോക പ്രശസ്ത ആഡംബ കാർ കമ്പനിയായ ലംബോർഗിനി കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാറുമായി ലംബോർഗിനി പ്രതിനിധികൾ പ്രാരംഭ ചർച്ച നടത്തി. സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനിയുടെ നേതൃത്വത്തിലുള്ള സംഘവും വ്യവസായ മന്ത്രി പി രാജീവുമാണ് ചർച്ച നടത്തിയത്.

ആഡംബര ബ്രാൻഡുകളിലേക്ക് കൂടി ഗ്രൂപ്പിനെ വളർത്തുകയാണ് ടൊനിനോ ലംബോർഗിനി. ആഡംബര ഹോട്ടൽ, അപ്പാർട്ട്മെന്റുകൾ, പെർഫ്യൂം, വാച്ച് തുടങ്ങി നിരവധി മേഖലകളിൽ ലംബോർഗിനി ഇന്ന് ലോകത്തിലെ തന്നെ മുൻനിര ബ്രാൻഡാണ്. 500 കോടിയിലധികം രൂപയുടെ പദ്ധതിയുമായി ഇലക്ട്രിക് വാഹന രംഗത്തേക്കും കടക്കുകയാണ് ടോറിനോ ലംബോർഗിനി ഗ്രൂപ്പ്. കേരളത്തിൽ വാഹന നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് ടോറിനോ ലംബോർഗിനിയുമായി ചർച്ച നടത്തിയതെന്ന് വ്യവസായ മന്ത്രി പറഞ്ഞു. കേരളം പോലെ പർച്ചേസിംഗ് കപ്പാസിറ്റി വളരെ ഉയർന്ന ഒരു സംസ്ഥാനത്ത് ആഡംബര ബ്രാൻഡായ ലംബോർഗിനിക്ക് വലിയ സാധ്യതകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

കൺവെൻഷൻ സെന്ററുകൾ, ആഡംബര ഹോട്ടലുകൾ, ഫ്ലാറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ലംബോർഗിനി സംസാരിക്കുകയുണ്ടായി. തുടർചർച്ചകൾക്കായി ലംബോർഗിനി അധികൃതരുടെ സംഘം കേരളത്തിലെത്തുമെന്ന് ഉറപ്പ് ലഭിച്ചു. 2023ൽ തന്നെ ലംബോർഗിനിയുമായുള്ള സഹകരണത്തിൽ കൂടുതൽ ചർച്ചകൾ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.