Connect with us

National

ജോലിക്ക് പകരം ഭൂമി കേസ്: സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് തേജസ്വി യാദവ്

മാര്‍ച്ച് 25 ന് സിബിഐക്ക് മുന്നില്‍ ഹാജരാകുമെന്ന് യാദവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില്‍ സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. മാര്‍ച്ച് 25 ന് സിബിഐക്ക് മുന്നില്‍ ഹാജരാകുമെന്ന് തേജസ്വി യാദവിന്റെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. നേരത്തെ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും തേജസ്വി ഹാജരായിരുന്നില്ല.

സിബിഐ സമന്‍സ് ചോദ്യം ചെയ്ത് യാദവ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കവേ തേജസ്വിയെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ അറിയിച്ചു. ഇതോടെയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ചത്.

ഉപമുഖ്യമന്ത്രിയ്ക്ക് ഏത് ശനിയാഴ്ചയും സിബിഐ ആസ്ഥാനത്ത് വരാമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഡി.പി സിംഗ് പറഞ്ഞു. അദ്ദേഹം ഡല്‍ഹിയിലായിരുന്നപ്പോള്‍ പോലും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ലെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ, ഭൂമി കൈക്കൂലിയായി വാങ്ങി നിരവധി പേര്‍ക്ക് റെയില്‍വേയില്‍ നിയമനം ശരിയാക്കി നല്‍കിയെന്നതാണ് കേസ്. കേസില്‍ ലാലുവിനൊപ്പം ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും പ്രതികളാണ്.

 

 

 

 

 

 

 

 

 

Latest