clash
ഭൂമി തര്‍ക്കം; മധ്യപ്രദേശില്‍ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷം
അക്രമസാക്തരായ ജനക്കൂട്ടം വീടുകളും കടകളും നശിപ്പിച്ചു.
ഭോപ്പാല്‍ | മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ കാരേടി ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിലും കല്ലേറിലും പോലീസുകാർ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷ വാര്‍ത്ത ഗ്രാമത്തില്‍ പരന്നതോടെ അക്രമസാക്തരായ ജനക്കൂട്ടം വീടുകളും കടകളും നശിപ്പിച്ചു. ഒരു മാരുതി വാനും രണ്ട് മോട്ടോര്‍ ബൈക്കുകളും അഗ്നിക്കിരയാക്കിയതായി ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേരെ ആക്രമികള്‍ കല്ലെറിയുകയും പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കരേടിയില്‍ കൂടുതതല്‍ പോലീസിനെ വിന്യസിച്ചു.
അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജില്ലാ കലക്ടര്‍ ഹര്‍ഷ് വികാസ് പറഞ്ഞു. ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ഒരാളെ മറ്റൊരാള്‍ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് ഡി എസ് പി പ്രദീപ് ശര്‍മ പറഞ്ഞു.