National
ജോലിക്ക് പകരം ഭൂമി കേസ്; ലാലുപ്രസാദിന്റെ ഭാര്യക്കും രണ്ട് പെണ്‍മക്കള്‍ക്കും ജാമ്യം
അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്നതിനായി റാബ്റി ദേവിയും മകള്‍ മിസ ഭാരതിയും കോടതിയില്‍ എത്തിയിരുന്നു.
പട്‌ന| ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്കും രണ്ട് പെണ്‍മക്കള്‍ക്കും ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്നതിനായി റാബ്റി ദേവിയും മകള്‍ മിസ ഭാരതിയും കോടതിയില്‍ എത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് കോടതി ഇവരെ വിളിപ്പിച്ചത്.
ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഒരു മാസത്തിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ജനുവരി 30ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചു. ഫെബ്രുവരി 27ന് കേസിന്റെ അടുത്ത വാദം കേള്‍ക്കും.
2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദിന്റെ കുടുംബം ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപറ്റിയെന്നതാണ് കേസ്.
2008-2009 കാലഘട്ടത്തില്‍ 12 പേര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കിയെന്നും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് എഴുതി വാങ്ങിയെന്നുമാണ് സി.ബി.ഐ കണ്ടെത്തല്‍.
2022 ഒക്ടോബറില്‍ സിബിഐ ഈ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് 2023 ജൂലൈ മൂന്നിന് രണ്ടാം കുറ്റപത്രവും സമര്‍പ്പിച്ചു. ലാലു പ്രസാദിനും മറ്റ് 15 പേര്‍ക്കുമെതിരെ 2022 മെയ് 18 നാണ് ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ക്ക് പുറമേ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.