National
ജോലിക്ക് പകരം ഭൂമി കേസ്: ലാലു പ്രസാദ് യാദവിനും തേജസ്വിയ്ക്കും ജാമ്യം
2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദിന്റെ കുടുംബം ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപറ്റിയെന്നതാണ് കേസ്.
ന്യൂഡല്‍ഹി|ജോലിക്ക് പകരം ഭൂമി കൈപ്പറ്റിയെന്ന കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്ക് ജാമ്യം. ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2004 മുതല്‍ 2009 വരെ കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ലാലു പ്രസാദിന്റെ കുടുംബം ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപറ്റിയെന്നതാണ് കേസ്.
നേരത്തെ ലാലുവിനും കൂടെയുള്ളവര്‍ക്കുമെതിരെ സിബിഐ ജൂലൈ 3ന് പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. റെയില്‍വേയുടെ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് കേന്ദ്ര റെയില്‍വേയില്‍ ഉദ്യോഗാര്‍ത്ഥികളുടെ അനധികൃത നിയമനങ്ങള്‍ നടന്നതായാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചത്. ലാലുവിനെ വിചാരണ ചെയ്യുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സിബിഐ അടുത്തിടെ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് പ്രത്യേക സിബിഐ ജഡ്ജി ജസ്റ്റിസ് ഗീതാഞ്ജലി ഗോയല്‍, ലാലു ഉള്‍പ്പെടെയുള്ളവരെ ബുധനാഴ്ച വിളിച്ചു വരുത്തിയിരുന്നു.
കേസിലെ രണ്ടാമത്തെ കുറ്റപത്രമാണ് ജൂലൈ മൂന്നിന് സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രത്തില്‍ തേജസ്വി യാദവിനെ പ്രതി ചേര്‍ത്തിരുന്നില്ല. മൂന്ന് കുടുംബാംഗങ്ങളെ കൂടാതെ മറ്റ് 14 പേരെയും സ്ഥാപനങ്ങളെയും കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.