National
ജോലിക്കു പകരം ഭൂമി: തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ സി.ബി.ഐ തേജസ്വിയോട് ആവശ്യപ്പെടുന്നത്.
പട്‌ന| ജോലിക്കു പകരം ഭൂമി അഴിമതികേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ സി.ബി.ഐ തേജസ്വിയോട് ആവശ്യപ്പെടുന്നത്. നേരത്തെ ഫെബ്രുവരി നാലിനാണ് വിളിപ്പിച്ചത്.
തേജസ്വിയുടെ ഡല്‍ഹിയിലെ വീടുള്‍പ്പടെ 24 സ്ഥലങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയിരുന്നു. ഇതേ കേസില്‍ തേജസ്വിയുടെ മാതാപിതാക്കളായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനെയും റാബ്‌റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ജോലിക്ക് പകരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി തുച്ഛ വിലയ്ക്ക് കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരില്‍ എഴുതി വാങ്ങിയെന്നതാണ് കേസ്. ഉദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെട്ട ഏഴ് ഭൂമി ഇടപാടുകള്‍ സി.ബി.ഐ നേരത്തെ കണ്ടെത്തിയിരുന്നു.