National
ജോലിക്ക് പകരം ഭൂമി: ലാലുപ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ലാലു പ്രസാദിനും മറ്റ് 15 പേർക്കുമെതിരെ 2022 മെയ് 18 നാണ് ഏജൻസി കേസ് രജിസ്റ്റർ ചെയ്തത്.

പാറ്റ്ന | ബീഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലുപ്രസാദ് യാദവിന്റെയും ഭാര്യ റാബ്റി ദേവിയുടെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജോലിക്ക് ഭൂമി അഴിമതിക്കേസിലാണ് നടപടി. ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വിയാദവ് ഉൾപ്പെടെ അദ്ദേഹത്തിന്റെ ചില മക്കളുടെ ഭൂമിയും കണ്ടുകെട്ടിയതിൽ ഉൾപ്പെടും.
2004 – 2009 കാലഘട്ടത്തിൽ ജോലി നൽകുന്നതിന് പകരമായി ഭൂമി കൈക്കൂലിയായി സ്വീകരിച്ചുവെന്നാണ് ലാലുവിനും കുടുംബാംഗങ്ങൾക്കും എതിരായ ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബറിൽ സിബിഐ ഈ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് രണ്ടാം കുറ്റപത്രവും സമർപ്പിച്ചു.
ലാലു പ്രസാദിനും മറ്റ് 15 പേർക്കുമെതിരെ 2022 മെയ് 18 നാണ് ഏജൻസി കേസ് രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾക്ക് പുറമേ ക്രിമിനൽ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.