Connect with us

National

ഭൂമി തട്ടിപ്പ് കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് സുപ്രീംകോടതി

കേസില്‍ ഫെബ്രുവരി 29ന് വാദം പൂര്‍ത്തിയായിട്ടും ഹൈകോടതി വിധി പറയാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് സോറന്‍ ഹരജി സമര്‍പ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഭൂമി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെ തന്റെ ഹരജിയില്‍ വിധി പറയാന്‍ ഹൈകോടതിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നല്‍കിയ ഹരജി സുപ്രീംകോടതി തീര്‍പ്പാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തീര്‍പ്പാക്കിയത്. കേസില്‍ ഫെബ്രുവരി 29ന് വാദം പൂര്‍ത്തിയായിട്ടും ഹൈകോടതി വിധി പറയാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് സോറന്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ മെയ് മൂന്നിന് ഹൈകോടതി വിധി പ്രസ്താവിച്ചതോടെ ഹരജി നിഷ്ഫലമായെന്ന് കോടതി നിരീക്ഷിച്ചു.

എന്നാല്‍ ഹരജിയെ  നിഷ്ഫലമായി കണക്കാക്കരുതെന്ന് സോറന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നതില്‍ ഹേമന്ത് സോറന് ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം. കേസില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 14 പേര്‍ അറസ്റ്റിലായിരുന്നു.

കേസില്‍ ഹേമന്ത് സോറന് ഇതുവരെ 9 സമന്‍സുകളാണ് ഇഡി അയച്ചത്. എന്നാല്‍ ഒരു തവണപോലും അദ്ദേഹം ഇഡിയ്ക്ക് മുമ്പാകെ ഹാജരായിരുന്നില്ല. ജനുവരി 16 നും 20 നുമിടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 20ന് വസതിയിലെത്തി മൊഴി രേഖപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ്  ഇഡി സംഘം വസതിയിലെത്തി ചോദ്യം ചെയ്തത്. ഇഡി സമന്‍സിനെതിരെ ഹേമന്ത് സോറന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു.

 

 

 

Latest