Connect with us

National

ഭൂമി കുംഭകോണം : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഇ ഡി ചോദ്യം ചെയ്യല്‍ തുടരുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇന്ന് രാത്രി 11 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Published

|

Last Updated

റാഞ്ചി |  ഭൂമി കുംഭകോണ കേസില്‍ ചോദ്യം ചെയ്യാനായി ഇ ഡി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയില്‍. ഇന്ന് ഉച്ചയോടെ ഹേമന്ദ് സോറന്റെ വീട്ടിലെത്തിയ ഇ ഡി ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇ ഡി അയച്ച 7 നോട്ടീസിനും ഹേമന്ദ് സോറന്‍ മറുപടി നല്‍കിയിരുന്നില്ല. പിന്നീട് വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാന്‍ സോറന്‍ സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹേമന്ദ് സോറന്റെ വസതിക്ക് മുന്നില്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ഇ ഡി ഹേമന്ദ് സോറന്റെ വസതിയിലെത്തിയത്.

ഝാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. സുരക്ഷയുടെ ഭാഗമായി വീടിന് ചുറ്റും പോലീസ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. റാഞ്ചി ജില്ലാ ഭരണകൂടം സോറന്റെ വീടിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോറന്റെ വീടിന് സമീപം യാതൊരു തരത്തിലുള്ള പ്രകടനങ്ങളും ആയുധം കയ്യില്‍ വെക്കുന്നതും പൊതുയോഗങ്ങളും അനുവദിക്കില്ല. ഇന്ന് രാത്രി 11 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബി ജെ പി നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ആസ്ഥാനത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സോറന്റെ വസതിയില്‍ ജെ എം എം നിയമസഭാംഗങ്ങളുടെ യോഗം വിളിച്ചു. 2022 ല്‍ സോറന്‍ അനധികൃത ഖനന കേസില്‍ ഇ ഡി ക്ക് മുന്നില്‍ 9 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

 

Latest