National
തൊഴിലിന് പകരം ഭൂമി കുംഭകോണം; ലാലു പ്രസാദ് യാദവിന് എതിരെ അന്തിമ കുറ്റപത്രം
പ്രത്യേക കോടതി റിപ്പോർട്ട് ജൂലൈ ആറിന് പരിഗണിക്കുമെന്ന് സി ബി ഐ വൃത്തങ്ങൾ അറിയിച്ചു.
ന്യൂഡൽഹി | മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദും കുടുംബാംഗങ്ങളും ഉൾപ്പെട്ട ‘ഭൂമിക്ക് പകരം തൊഴിൽ’ കുംഭകോണ കേസിൽ സിബിഐ വെള്ളിയാഴ്ച അന്തിമ കുറ്റപത്രം സമർപ്പിച്ചു. ലാലു പ്രസാദിൻ്റെ കുടുംബാംഗങ്ങൾ കൈക്കലാക്കിയ ഭൂമിക്ക് പകരമായി റിക്രൂട്ട്‌മെൻ്റ് നടത്തിയ എല്ലാ റെയിൽവേ സോണുകളും സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക കോടതി റിപ്പോർട്ട് ജൂലൈ ആറിന് പരിഗണിക്കുമെന്ന് സി ബി ഐ വൃത്തങ്ങൾ അറിയിച്ചു.
റെയിൽവേ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയ പ്രതികൾ തങ്ങളുടെ പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ തൊഴിലിന് പകരം ഭൂമി വാങ്ങിക്കൂട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലുള്ള സർക്കിൾ നിരക്കിനേക്കാൾ കുറഞ്ഞ വിലക്കും മാർക്കറ്റ് നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിലക്കുമാണ് ഇടപാടുകൾ നടന്നതെന്നും ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.