Connect with us

From the print

ഗസ്സയിൽ കര, കടൽ, വ്യോമ മാർഗം ആക്രമണം; കൂട്ടക്കൊലക്കിരയായത് 28 പേർ

ഖാൻ യൂനുസിൽ മാത്രം കൊല്ലപ്പെട്ടത് 11 പേർ • ഗസ്സക്കാർ കഴിയുന്നത് ഒരുനേരം മാത്രം ഭക്ഷണം കഴിച്ച്

Published

|

Last Updated

ഗസ്സ | ഭക്ഷണവും കുടിവെള്ളവും നൽകാതെ ഗസ്സയിൽ തുടരുന്ന ഇസ്‌റാഈൽ ഉപരോധങ്ങൾക്കിടെ ജനവാസ കേന്ദ്രങ്ങളിൽ കൂട്ടക്കൊല നടത്തി. കനത്ത വ്യോമാക്രമണത്തിൽ ഖാൻയൂനുസിൽ 11 പേർ ഉൾപ്പെടെ ഗസ്സയിലുടനീളം 28 ഫലസ്തീനികൾ കൊല്ലപ്പെട്ടു.

കവചിത ടാങ്കുകൾ, പോർ വിമാനങ്ങൾ, നാവികസേനാ ബോട്ടുകൾ എന്നിവ ഉപയോഗിച്ച് കടൽ, കര, വ്യോമമാർഗമാണ് സൈന്യം താത്കാലിക കൂടാരങ്ങളിലും റോഡുകളിലും സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. നൂസ്വീറാത്ത് അഭയാർഥി ക്യാമ്പിൽ റോഡിൽ നിൽക്കുകയായിരുന്ന ജനക്കൂട്ടത്തിന് നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. തല തകർന്ന കുട്ടികൾ റോഡിൽ തത്ക്ഷണം മരിച്ചു. ദാർ അൽ ബലാഹിൽ ആക്രമണത്തിൽ ഡോക്ടറും കൊല്ലപ്പെട്ടു.
യുവ ഡോക്ടർ മാജിദ് നസ്ർ ഇസ്മാഈൽ ആണ് കൊല്ലപ്പെട്ടത്. ഇതോടെ 2023 ഒക്‌ടോബർ മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ എണ്ണം 1,060 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾക്കുപയോഗിച്ചിരുന്ന മണ്ണുമാന്തി യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും ആക്രമണത്തിൽ നശിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനത്തിനുപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് നശിപ്പിച്ചത്.
കഴിഞ്ഞ മാസം ആദ്യം മുതൽ ഗസ്സയിലേക്കുള്ള ഭക്ഷ്യ, ജല, മരുന്ന് വിതരണം ഇസ്‌റാഈൽ നിർത്തിവെച്ചിരിക്കുകയാണ്. 18 മുതലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം പുനരാരംഭിച്ചത്. ബഫർ സോൺ ആയി പ്രഖ്യാപിച്ച് ഓരോ പ്രദേശത്ത് നിന്നും ഫലസ്തീനികളെ കുടിയിറക്കിയുള്ള ക്രൂരതയും തുടരുകയാണ്. സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയ ശേഷം ഐക്യരാഷ്ട്രസഭക്ക് കീഴിൽ റൊട്ടി നിർമിച്ച് വിതരണം ചെയ്തിരുന്ന ഗസ്സയിലെ 18 ബേക്കറികളും അടച്ചുപൂട്ടി. ഒരു നേരം മാത്രമാണ് ഗസ്സക്കാർക്ക് ഭക്ഷണം ലഭിക്കുന്നത്.

വാക്‌സീനേഷൻ ഉപേക്ഷിച്ചു
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന പോളിയോ വാക്‌സീനേഷൻ പദ്ധതി ഉപേക്ഷിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് ലക്ഷം കുട്ടികൾക്ക് പോളിയോ വാക്‌സീൻ നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇടതടവില്ലാതെ തുടരുന്ന ആക്രമണത്തിൽ കുട്ടികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ മുൻനിർത്തിയാണ് പദ്ധതി ഉപേക്ഷിച്ചത്. നേരത്തേ, ഇസ്‌റാഈൽ ആക്രമണത്തിൽ നിരവധി യു എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.

ലബനാനിലും ആക്രമണം
തെക്കൻ ലബനാനിലെ സ്വൂർ ഡിസ്ട്രിക്ടിലെ ഹനിയ്യയിൽ ഡ്രോൺ ആക്രമണത്തിൽ ലബനാനിലെ അൽ ജമാ- അൽ ഇസ്‌ലാമിയ്യ നേതാവ് ഹുസൈൻ അത്‌വി കൊല്ലപ്പെട്ടു. സഞ്ചരിക്കുന്ന വാഹനത്തിന് നേർക്കായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌റാഈൽ സൈന്യം ഏറ്റെടുത്തു.
ഇസ്‌റാഈലിന്റെ വടക്കൻ അതിർത്തിയിലേക്ക് ലബനാനിൽ നിന്ന് ആക്രമണം നടത്തുന്നതിന് നേതൃത്വം നൽകിയത് അത്‌വിയായിരുന്നുവെന്ന് സൈന്യം ആരോപിച്ചു.
അത്‌വിയുടെ മരണം ജമാ- അൽ ഇസ്‌ലാമിയ്യ സ്ഥിരീകരിച്ചു. വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഫജ്ർ ഫോഴ്‌സ് എന്ന ലബനാൻ സായുധ ഗ്രൂപ്പിന്റെ കമാൻഡർ ആയിരുന്നു അദ്ദേഹം.

Latest