National
നിയന്ത്രണ രേഖയിൽ കുഴിബോംബ് സ്ഫോടനം; അഞ്ച് പാക് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു
ഭീകരർ ഐഇഡിയും കൈവശം വെച്ചിരുന്നു.
ശ്രീനഗർ | ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി പ്രദേശമായ ബട്ടൽ സെക്ടറിൽ നിയന്ത്രണ രേഖയിൽ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ പാകിസ്താൻ ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
പാക് അധീന കശ്മീരിൽ നിന്ന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ, ഭീകരരിൽ ഒരാൾ ഇന്ത്യൻ ഭാഗത്ത് സ്ഥാപിച്ചിരുന്ന കുഴിബോംബിൽ ചവിട്ടുകയായിരുന്നു. തുടർന്നുണ്ടായ സ്ഫോടനത്തിൽ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു. ഭീകരർ ഐഇഡിയും കൈവശം വെച്ചിരുന്നു. അതും പൊട്ടിത്തെറിച്ചു എന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി, നുഴഞ്ഞുകയറ്റ സാധ്യതയുള്ള ഇടങ്ങളിൽ കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴയിൽ ഈ കുഴിബോംബുകൾ ചിലപ്പോൾ ഒലിച്ചുപോകാറുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ വിശദീകരിച്ചു.