maoist kerala
മക്കിമലയില്‍ കുഴിബോംബ്; മാവോയിസ്റ്റുകള്‍ക്കെതിരെ യു എ പി എ ചുമത്തി കേസെടുത്തു
ബോംബ് സ്ഥാപിച്ചത് തണ്ടര്‍ബോള്‍ട്ടിനെ അപായപെടുത്താനാണെന്ന് തലപ്പുഴ പോലീസ്
കല്‍പ്പറ്റ | തലപ്പുഴ മക്കിമലയില്‍ സ്‌ഫോടക ശേഖരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ യു എ പി എ കുറ്റം ചുമത്തി കേസെടുത്തു. ബോംബ് സ്ഥാപിച്ചത് തണ്ടര്‍ബോള്‍ട്ടിനെ അപായപെടുത്താനാണെന്ന് തലപ്പുഴ പോലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ പറയുന്നു. കണ്ടെത്തിയ ബോംബ് നിയന്ത്രിത സ്‌ഫോടനാത്തിലൂടെ നിര്‍വീര്യമാക്കി.
പ്രദേശത്ത് തണ്ടര്‍ബോള്‍ട് പരിശോധന ശക്തമാക്കി. കവിതയുടെ മരണത്തിന് പകരം ചോദിക്കാന്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതാണ് ബോംബ് എന്ന നിലയിലാണ് പോലീസ് അന്വേഷണം. കണ്ണൂര്‍ അയ്യന്‍ കുന്ന് ഉരുപ്പുകുറ്റിയിലുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റ മാവോയിസ്റ്റ് കവിതക്ക് പിന്നാലെ മരിച്ചു. ഇതിന് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകള്‍ തിരുനെല്ലിയില്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് മരണ വിവരം പുറത്തുവന്നത്. രക്തക്കടങ്ങള്‍ രക്തത്താല്‍ വീട്ടുമെന്നായിരുന്നി അന്നത്തെ പോസ്റ്റര്‍. കേരള വനത്തില്‍ മാവോയിസ്റ്റുകളുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്നു കാണിക്കാനും ഉഗ്രസ്‌ഫോടനം ലക്ഷ്യമിട്ടിരിക്കാമെന്നു കരുതുന്നു.
കേരളത്തില്‍ മാവോയിസ്റ്റുകള്‍ നാലുപേരായി ചുരങ്ങിയെന്ന റിപ്പോര്‍ട്ടുകുളുണ്ടായിരുന്നു. അംഗസംഖ്യയില്‍ കുറവുണ്ടാവുമ്പോഴും ശക്തരെന്ന് തെളിയിക്കാന്‍ ശ്രമമുണ്ടായെന്നും വിലയിരുത്തുന്നുണ്ട്. കബനി ദളത്തിന്റെ കമാന്‍ഡര്‍ സി പി മൊയ്തീന്‍ ബോംബ് നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചയാളെന്നാണ് പോലീസിനു ലഭിച്ച വിവരം. മക്കിമലയില്‍ തണ്ടര്‍ബോള്‍ട്ട് റോന്തു ചുറ്റുന്ന വഴിയിലാണ് ഉഗ്രശേഷിയുള്ള സ്‌ഫോടക ശേഖരം കണ്ടെത്തിയത്. മുപ്പത് മീറ്റര്‍ അകലേക്ക് മണ്ണിനടിയിലൂടെ വലിച്ച വയറുകള്‍ ഒരു മരത്തിന് താഴെയാണ് അവസാനിക്കുന്നത്.
സേനയുടെ വാഹനം കടന്നു പോകുമ്പോള്‍ കുഴിബോംബ് സ്‌ഫോടനം നടത്താന്‍ കഴിയും വിധം ഒളിച്ചിരുന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന വിധമാണ് സജ്ജീകരണം ഒരുക്കിയത്. ഇത് രാജ്യത്ത് മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന രീതിയാണെന്ന് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് വിലയിരുത്തുന്നു. 2014ല്‍ തിരുനെല്ലിയോട് ചേര്‍ന്നുള്ള കര്‍ണാടക അതിര്‍ത്തിയില്‍ വച്ച് ബോംബുണ്ടാക്കുന്നതിനിടെ മൊയ്തീന്റെ ഒരു കൈപ്പത്തി തകര്‍ന്നു. അന്ന് പൊട്ടിത്തെറിയില്‍ മാവോയിസ്റ്റ് ഷിനോജ് കൊല്ലപ്പെട്ടിരുന്നു.