Kerala
ഉരുൾപൊട്ടൽ ദുരന്തം: 16-ാം ദിനമായ ഇന്നും തിരച്ചിൽ തുടരും
ഇന്നലെയും തിരച്ചിലിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു
മേപ്പാടി | മൂന്ന് ഗ്രാമങ്ങളെ അപ്പാടെ ഇല്ലാതാക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി 16-ാം ദിവിസമായ ഇന്നും തിരച്ചിൽ തുടരും. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല സ്കൂൾ റോഡ്, അട്ടമല, ചാലിയാർ ഉൾപ്പെടെയുള്ള മേഖലകൾ കേന്ദ്രീകരിച്ച് ആറ് സോണുകളായായാണ് തിരച്ചിൽ നടത്തുക. ഇന്നലെയും തിരച്ചിലിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നാണ് ഇന്നലെ മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയത്.
എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്നും 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 80 മൃത ദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 167 ശരീഭാഗങ്ങളും കണ്ടെത്തിയിരുന്നു.
മുണ്ടക്കൈ – ചൂരല്‍മല ദുരന്ത പ്രദേശങ്ങളില്‍ 260 സന്നദ്ധ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച സേനാ വിഭാഗങ്ങള്‍ക്കൊപ്പം തെരച്ചിലില്‍ അണിനിരന്നത്. മലപ്പുറം ജില്ലയിലെ ചാലിയാറിലും ചൊവ്വാഴ്ച വിശദമായ തെരച്ചില്‍ തുടര്‍ന്നു..
അതിനിടെ, നിലമ്പൂർ പോത്തുകല്ല് ചാലിയാറിൽ മുണ്ടക്ക, ചൂരൽമല ദുരന്തത്തിലെ മൃതദേഹങ്ങൾ കണ്ടെത്താനായി തിരച്ചിലിനിറങ്ങിയ സന്നദ്ധ പ്രവർത്തകർ വനത്തിൽ കുടുങ്ങി. 14 പേരടങ്ങിയ എസ് ഡി പി ഐ പ്രവർത്തകരാണ് കുമ്പളപ്പാറ ഭാഗത്ത് കുടുങ്ങിയത്. മഴ കാരണം വെള്ളത്തിന്‍റെ കുത്തൊഴുക്ക് കൂടിയതോടെ ഇവർക്ക് തിരിച്ചുവരാനായില്ല. തങ്ങൾ സുരക്ഷിതരാണെന്ന് ഇവർ അറിയിച്ചു.