Connect with us

First Gear

ഉരുള്‍പൊട്ടല്‍: രക്ഷാദൗത്യം മാതൃകാപരം, പൂര്‍ണ വിജയം

Published

|

Last Updated

പത്തനംതിട്ട | റാന്നി കുരുമ്പന്‍മൂഴിയില്‍ പനംകുടന്ത അരുവിക്ക് സമീപവും കോന്നി സീതത്തോട് കോട്ടമണ്‍പാറയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടത്തിയത് മികച്ച ഏകോപനത്തോടെയുള്ള മാതൃകാ രക്ഷാദൗത്യം. ഇവിടെ രണ്ടിടങ്ങളിലുമായി അഞ്ച് കുടുംബങ്ങളിലെ 26 പേരെയാണ് സാഹസികമായി രക്ഷാസംഘം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. പനംകുടന്ത അരുവിക്ക് താഴെയുള്ള ചെറിയ നടപ്പാലം ഒലിച്ചു പോയിരുന്നു. ഉരുള്‍പൊട്ടലില്‍ നാല് കുടുംബങ്ങള്‍ കുടുങ്ങിക്കിടന്നിരുന്ന പനംകുടന്ത അരുവിയുടെ മുകള്‍ഭാഗത്ത് മണ്ണിടിഞ്ഞ് അപകടകരമായ സ്ഥിതി സംജാതമായിരുന്നു.

ശനിയാഴ്ച വൈകിട്ട് 6.30നാണ് കുരുമ്പന്‍മൂഴിയില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ട് ചെയ്തത്. റാന്നിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും അഗ്നിശമന സേനാ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. വില്ലേജ് ഓഫീസര്‍ സാജന്‍ ജോസഫ് ജലനിരപ്പ് ഉയര്‍ന്ന കുരുമ്പന്‍മൂഴി കോസ് വേ സാഹസികമായി കടന്ന് ദുര്‍ഘടം പിടിച്ച വന്യജീവി സാന്നിധ്യമുള്ള മേഖലയില്‍ കൂടി സംഭവ സ്ഥലത്ത് എത്തുകയും മറ്റ് വകുപ്പുകള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. റാന്നിയില്‍ നിന്നും ഈ സമയം അഗ്നിശമന സേനയുടെ രക്ഷാദൗത്യ സംഘം കുരുമ്പന്‍മൂഴി കോസ് വേയില്‍ ആധുനിക രക്ഷാ ദൗത്യ ഉപകരണങ്ങളുമായി എത്തി. കുരുമ്പന്‍മൂഴി കോസ്വേയില്‍ വെള്ളം കയറിയതിനാല്‍ അഗ്നിശമന സേനാ വാഹനത്തിന് സംഭവ സ്ഥലത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. നാട്ടുകാരുടെ സഹായത്തോടെ, ദുര്‍ഘട പാത താണ്ടാന്‍ സൗകര്യമുള്ള മൂന്ന് ഓഫ് റോഡ് ജീപ്പുകളുടെ സഹായത്തോടെ അഗ്നിശമന സംഘാംഗങ്ങളും, പ്രാദേശിക ജനപ്രതിനിധികളും, റവന്യൂ, ഫോറസ്റ്റ്, പോലീസ്, കെ എസ് ഇ ബി, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും അടങ്ങുന്ന 30 അംഗ സംഘം ഉരുള്‍പൊട്ടല്‍ ഉണ്ടായ പനംകുടന്ത അരുവിക്ക് സമീപം ശ്രമകരമായ ദൗത്യത്തിലൂടെ എത്തി. ഇവിടേക്ക് എത്തുന്നതിന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ താത്ക്കാലിക തടിപ്പാലം സജ്ജമാക്കി. ഗര്‍ഭിണിയും തളര്‍ന്ന വ്യക്തിയും അടങ്ങുന്ന നാലു കുടുംബങ്ങളിലെ 21 പേരാണ് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഭീതിയുടെ നിഴലില്‍ നിന്നത്. ഇവരെ തടിപ്പാലത്തിലൂടെ ജനവാസ മേഖലയില്‍ കൊണ്ടുവന്ന് ആവശ്യമായ സൗകര്യം റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കി. ഫയര്‍ ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ ജി സന്തോഷ് കുമാര്‍, ഫയര്‍ റസ്‌ക്യു ഓഫീസര്‍മാരായ എ എസ് ശ്രീജിത്ത്, എസ് സതീഷ് കുമാര്‍, ശ്രീകുമാര്‍, അസീം അലി, സിനൂബ് സാം, കെ പി പ്രദീപ്, ആര്‍ അരുണ്‍ സിങ്, എ ആനന്ദ്, ഗിരീഷ് കൃഷ്ണന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ്, എം എല്‍ എമാരായ കെ യു ജനീഷ്‌കുമാര്‍, പ്രമോദ് നാരായണ്‍ എം എല്‍ എ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ വകുപ്പുകളുടേയും തത്സമയ ഏകോപനം ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ കെ ഹരികുമാര്‍ ഫയര്‍ ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. റവന്യു വകുപ്പിന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ റാന്നി തഹസില്‍ദാര്‍ കെ നവീന്‍ബാബുവും കോന്നി തഹസില്‍ദാര്‍ കെ ശ്രീകുമാറും ഏകോപിപ്പിച്ചു. കോന്നി സീതത്തോട് കോട്ടമണ്‍പാറയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന വിവരത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പ്രദേശവാസി കൂടിയായ കെ യു ജനീഷ്‌കുമാര്‍ എം എല്‍ എയും വില്ലേജ് ഓഫീസര്‍ മനോജ് തോമസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഇവിടെ കുടുങ്ങിക്കിടന്ന ലക്ഷ്മി ഭവനില്‍ സഞ്ജയന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ സുരക്ഷിതമായി ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ഒഴുക്കില്‍പ്പെട്ട് ഇവരുടെ കാറും റബര്‍ ഷീറ്റ് അടിക്കുന്ന മെഷീനും റബര്‍ ഷീറ്റ് ഉണക്കുന്ന പുരയും നഷ്ടമായി.

 

Latest