Connect with us

National

തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം; രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്കാഗാന്ധി

വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ തകര്‍പ്പന്‍ വിജയം സമ്മാനിച്ച വയനാട്ടിലേക്ക് രണ്ട് ദിവസത്തിനകം എത്തുമെന്ന് നിയുക്ത എം പി പ്രിയങ്കാ ഗാന്ധി. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി പി ഐയുടെ സത്യന്‍ മൊകേരിയേക്കാള്‍ 4,10,931 വോട്ട് അധികം നേടിയാണ് യു ഡി എഫ് സാരഥി തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയത്.

വയനാട്ടിലെ പ്രിയങ്കയുടെ വിജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു. വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാന്‍ പ്രിയങ്ക അനുകമ്പയോടെയും അചഞ്ചലമായ അര്‍പ്പണബോധത്തോടെയും നയിക്കുമെന്ന് എനിക്കറിയാമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

2024ല്‍ രാഹുല്‍ ഗാന്ധി രണ്ടാം തവണയും വയനാട്ടില്‍ നിന്ന് ജനവിധി നേടിയപ്പോള്‍ സ്വന്തമാക്കിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം പ്രിയങ്ക പഴങ്കഥയാക്കി. എന്നാല്‍, 2019ല്‍ രാഹുല്‍ നേടിയ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല. മൊത്തം പോള്‍ ചെയ്തതിന്റെ 64.99 ശതമാനം വോട്ട് പ്രിയങ്കക്ക് ലഭിച്ചു. 2019-ല്‍ രാഹുലിന് 64.67 വോട്ടുകളാണ് കിട്ടിയത്. പോളിങ് ശതമാനം കുറഞ്ഞിട്ടും രാഹുലിന് ലഭിച്ചതിലും വോട്ടുവിഹിതം പ്രിയങ്കക്ക് ലഭിച്ചു.

പാര്‌ലമെന്റ് സമ്മേളനം നാളെ തുടങ്ങും.വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും റിപോര്‍ട്ട് ഉണ്ട്. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷി യോഗം ചേരും.

Latest