Kerala
കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടൽ
തീക്കോയി മംഗളഗിരി, ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഇഞ്ചപ്പാറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്.

കോട്ടയം | കോട്ടയം ജില്ലയിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കിഴക്കൻ മേഖലയിൽ ഇന്ന് ഉച്ച മുതൽ കനത്ത മഴയായിരുന്നു. തീക്കോയി മംഗളഗിരി, ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഇഞ്ചപ്പാറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടർ വി വിഗ്‌നേശ്വരി അറിയിച്ചു.
ഈ റൂട്ടിൽ 30 മീറ്റർ നീളത്തിൽ റോഡ് തകർന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. തീക്കോയി, അടിവാരം തുടങ്ങിയ കിഴക്കൻ മേഖലകളിൽ മണിക്കുറുകൾ നീണ്ട കനത്ത മഴമൂലം തോടുകൾ കവിഞ്ഞ് ഒഴുകുന്നുണ്ട്.
അതേസമയം പ്രദേശത്ത് മഴ കുറഞ്ഞതായി ആർ ഡി ഒ അറിയിച്ചു. റവന്യൂ, പൊലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ഇന്ന് കോട്ടയം അടക്കമുള്ള തെക്കൻ, മധ്യ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാത്രി പത്ത് വരെയുള്ള സമയത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.