National
കുളുവില്‍ മണ്ണിടിച്ചില്‍; ഏഴ് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് കെട്ടിടം ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കുളു| കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഏഴ് കെട്ടിടങ്ങള്‍ തകരുന്നതായുളള വീഡിയോ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ മറ്റൊരു കെട്ടിടം ഇപ്പോഴും അപകടാവസ്ഥയിലാണുളളത്. കനത്ത മഴയില്‍ കെട്ടിടങ്ങള്‍ക്ക് വിള്ളലുണ്ടായതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് കെട്ടിടം ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥന്‍ അനി നരേഷ് വര്‍മ പറഞ്ഞു.
ഹിമചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലുമായി 13 പേര്‍ കൂടി മരണപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ 12 പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലും ഒരാള്‍ മരണപ്പെട്ടു. 400ല്‍ അധികം റോഡുകള്‍ തടസ്സപ്പെടുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.