book review
ഭാഷകൊണ്ട് കീറിയ ഇടവഴികൾ
കഥയുടെ ഭാഷക്കുള്ളിൽ "ഭാഷ'യുടെ സാധ്യതകളെ ഏതെല്ലാം വിധത്തിൽ ഉപയോഗപ്പെടുത്താമെന്ന് ഈ കഥ നമുക്ക് കാട്ടിത്തരുന്നു. ഭാഷയുടെ പല നിറത്തിലുള്ള മൊസേക്കുകൾ കൊണ്ട് പണിത ഒരസാധാരണ ശിൽപ്പമാണ് "കോരിത കെട്ട്' എന്ന കഥ. കെട്ടടങ്ങുന്നതിന്റേതല്ല; നീറിപ്പിടിക്കുന്നതിന്റേതാണ്, ഭാഷയുടെ തീ നീറിപ്പടരുന്നതിന്റേതാണ് ഈ കഥയിലെ സൗന്ദര്യാനുഭൂതി.
ഭാഷ ഒരു ആശയ വിനിമയോപാധി എന്നതിനപ്പുറം അതിന്റെ വ്യവസ്ഥകളെയെല്ലാം അതിലംഘിച്ചുകൊണ്ട് വ്യത്യസ്ത സൗന്ദര്യാത്മക രൂപങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയെന്നത് സ്വാഭാവികമാണ്. സാഹിത്യ രൂപങ്ങളിൽ ഒരു ഉപകരണമെന്ന നിലയിൽ ഭാഷയുടെ വ്യത്യസ്തമായ ആവിഷ്കരണ സാധ്യതകളെ നാം കണ്ടറിഞ്ഞിട്ടുണ്ട്. ഭാഷയെ അതിന്റെ കേവല സങ്കൽപ്പനങ്ങളിൽ നിന്നും മുക്തമാക്കി ഭാഷക്കകത്ത് തന്നെ മറ്റൊരു ചിഹ്നമെന്ന നിലയിൽ എങ്ങനെയാണ് കെ വി ജ്യോതിഷിന്റെ “കോരിത കെട്ട്’ എന്ന കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത് എന്ന അന്വേഷണമാണീ കുറിപ്പ്.
ഓരോ ശബ്ദവും അതിന്റെ സൂചിതാർഥത്തിലേക്ക് എത്തിച്ചേരുന്നത് സമീപ ശബ്ദങ്ങളുടെ സ്വാധീനത്താൽ മറ്റെല്ലാ ആശയങ്ങളേയും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ്. അതു കൊണ്ട് തന്നെ ശബ്ദത്തിന്റെ കേവലാർഥത്തെ സ്വയം നിഷേധിച്ചു കൊണ്ട് പുതിയൊരു ആശയത്തിലേക്കോ അർഥത്തിലേക്കോ എത്തിച്ചേരുകയും ചെയ്യുന്നു.
ജീവിതത്തിന്റെ ആഘോഷങ്ങളേയും ഉന്മാദങ്ങളേയും അതിന്റെ പരിപൂർണതയിൽ എങ്ങനെ ആവിഷ്കരിക്കും? ഭാഷയുടെ പല വഴികൾ അതിനായി കഥാകൃത്തുക്കൾക്ക് പിൻബലമേകാം. എന്നാൽ ഭാഷയെത്തന്നെ ഒരു ചിഹ്നമായി കെ വി ജ്യോതിഷ് തന്റെ കോരിത കെട്ട് എന്ന കഥയിൽ പ്രയോഗിക്കുന്നു. ഇവിടെ ഭാഷ എന്ന ശബ്ദം അതിന്റെ കേവലാർഥത്തിൽ നിന്നും മോചിപ്പിക്കപ്പെടുകയും ആശയങ്ങളുടെ പുതിയ ആകാശങ്ങളിൽ പൂത്തുലയുകയും ചെയ്യുന്നു.
” സപ്ത ഭാഷകൾ ചുറ്റും പൂമരങ്ങൾ പോലെ വളർന്നപ്പോൾ ലൂയി അവളെ ചുംബിച്ചു’
“അവർക്കു ചുറ്റും ക്ഷരമല്ലാത്ത ഭാഷയുടെ പൂമരങ്ങൾ കുട ചൂടി നിന്നു.’
ഇവിടെ ഭാഷ അതിന്റെ സൗന്ദര്യാത്മകതയിലും മിതത്വത്തിലും നിർവൃതി കൊള്ളുന്നു. കാവ്യാത്മക ഗരിമയിൽ അവ സ്വയം ശുദ്ധീകരിക്കപ്പെടുന്നു. പ്രണയത്തിന്റെ ശക്തമായ അടിയൊഴുക്ക് ഭാഷയുടെ പൂമരങ്ങൾക്കിടയിൽ വെളിപ്പെടുന്നു. അതികാൽപ്പനികതയുടെ ചെടിപ്പിക്കുന്ന ചതുപ്പുകളിലേക്ക് വീണുപോകാതെ ഒഴുകി നീങ്ങുന്ന, കരുതലും കാവ്യാത്മകത്വവുമുള്ള ഭാഷയുടെ സൗന്ദര്യം ഇവിടെ കാണാം.
കഥയുടെ തുടക്കം തന്നെ ശബ്ദങ്ങളുടെ ഉച്ചസ്ഥായിയിലാണ്. മൺറോഡുകളിൽ പൊടിപടർത്തിക്കൊണ്ട് ജീപ്പിൽ മൈക്ക് കെട്ടിയുള്ള അനൗൺസ്മെന്റ്. ഒരു ഗ്രാമത്തിനു മുകളിൽ ഒന്നാകെ പരന്നു കിടക്കുന്ന ശബ്ദങ്ങളുടെ ആകാശപ്പന്തൽ. അതാകട്ടെ കഥയുടെ ആഖ്യാന ഭാഷയിൽ നിന്നും വ്യത്യസ്തമായ ഒരു ഭാഷാഭേദത്താൽ പണിതത്. ഉച്ചസ്ഥായിയിലുള്ള ഈയൊരു ശബ്ദഘോഷത്തിൽ തുടങ്ങുന്ന കഥ ഭാഷയുടെ വ്യത്യസ്തമായ പലതരം മാനങ്ങളുള്ള അടരുകൾ പണിതു കൊണ്ടാണ് മുന്നോട്ടുപോകുന്നത്. ശബ്ദങ്ങളുടെ ഇടിമുഴക്കത്തിലാരംഭിച്ച് നിശ്ശബ്ദതയുടെ വേലിയേറ്റത്തിൽ ലയിക്കുന്നു. കഥ അവസാനിക്കുമ്പോൾ “നേത്രാവതിപ്പുഴ ശബ്ദമില്ലാതെ കടലിലേക്ക് വേലിയിറങ്ങി’ എന്ന് കഥാകാരൻ എഴുതുന്നു. ആകാശത്തോളമുയർന്ന ശബ്ദം കടലിനോളം താഴുന്നു. ശബ്ദഘോഷങ്ങൾ തികഞ്ഞ നിശ്ശബ്ദതയിലാഴുന്നു. ഇതാകട്ടെ നായക കഥാപാത്രത്തിന്റെ ട്രാജിക് പരിണതിയുമായി അഭേദ്യമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കുന്നുണ്ട്.
ശബ്ദഘോഷങ്ങളിൽ തുടങ്ങി നിശ്ശബ്ദതയിലാഴുന്ന ഭാഷയുടെ ഒഴുക്കിനിടയിൽ വായനക്കാരെ ത്രസിപ്പിക്കുന്ന മറ്റു ചില തുരുത്തുകൾ കൂടി കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലൊന്ന് ലൂയി പതിനാറാമന്റെ ശരീര ഭാഷയാണ്.
മുണ്ടുയർത്തിക്കെട്ടി തന്റെ തുടകളിൽ കൈകൾ കൊണ്ടടിച്ച് പോർക്കളത്തെ വലം വെക്കുന്ന, ഉഡുപ്പി ബീഡിയും ആഞ്ഞ് വലിച്ച് മേഘങ്ങളെ ചൂതിന് വിളിക്കാനുള്ള ഊറ്റവുമായി നടക്കുന്ന ലൂയിയുടെ ശരീരഭാഷയുടെ തെളിച്ചം കഥയിലൊന്നാകെ ഇടം നേടുന്നു. അതു കൊണ്ടു തന്നെ ഈ കഥയെ സംബന്ധിച്ചുള്ള സ്മൃതികളിലെല്ലാം വായനക്കാരന്റെ ഉള്ളുണർത്തുന്ന കഥാപാത്രമായിത്തീരാനും ലൂയിക്ക് കഴിയുന്നു.കഥയിൽ ആവിഷ്കരിക്കപ്പെടുന്ന ഭാഷയുടെ മറ്റൊരു അടരാണ് മനുേഷ്യതര ജീവികളുടെ ഭാഷാ വ്യവഹാരങ്ങൾ.
” ചിറകുകളുയർത്തിപ്പിടിച്ച് കാണികളെ അഭിവാദ്യം ചെയ്യുന്ന പോലെ ‘ കോഴിപ്പോരിലെ കോഴികളുടെ പ്രതികരണങ്ങളും “പോത്തിന്റെ മുരളലും’ കഥക്കൊപ്പം, കഥയുടെ ആഖ്യാന ഭാഷക്കൊപ്പം ചേർന്നുനിൽക്കുന്ന മറ്റൊരു ഭാഷാ തലമാണ്.
കഥാ ശീർഷകമായ “കോരിത കെട്ട്’ എന്ന പദം മലയാള സന്ധി നിയമങ്ങളെ മറികടക്കുന്നതായി കാണാം. ഭാഷയിലുള്ള ഇത്തരം സൂക്ഷ്മമായ ഇടപെടലുകൾ ആകസ്മികമായി സംഭവിക്കുന്നതല്ലെന്ന കാര്യത്തിൽ തർക്കമില്ല. എല്ലാറ്റിലുമുപരിയായി ഈ കഥയെ സമ്പന്നമാക്കുന്ന കാവ്യാത്മകത മുറ്റി നിൽക്കുന്ന പ്രയോഗങ്ങളും എടുത്തു പറയേണ്ടതു തന്നെയാണ്. ഒതുക്കവും മിനുക്കവുമുള്ള എത്രയെത്ര ഭാഷാപ്രയോഗങ്ങൾ? സാമാന്യ വ്യവഹാര ഭാഷയുടെ അതിർത്തികൾ ഭേദിക്കുന്ന, വ്യവസ്ഥകൾ ലംഘിക്കുന്ന, കാവ്യ സൗരഭ്യം വിരിയുന്ന പദച്ചാർത്തുകൾ!
ഇത്തരത്തിൽ കഥയുടെ ഭാഷക്കുള്ളിൽ “ഭാഷ’യുടെ സാധ്യതകളെ ഏതെല്ലാം വിധത്തിൽ ഉപയോഗപ്പെടുത്താമെന്ന് ഈ കഥ നമുക്ക് കാട്ടിത്തരുന്നു. ഭാഷയുടെ പല നിറത്തിലുള്ള മൊസേക്കുകൾ കൊണ്ട് പണിത ഒരസാധാരണ ശിൽപ്പമാണ് “കോരിത കെട്ട്’ എന്ന കഥ. കെട്ടടങ്ങുന്നതിന്റേതല്ല; നീറിപ്പിടിക്കുന്നതിന്റേതാണ്, ഭാഷയുടെ തീ നീറിപ്പടരുന്നതിന്റേതാണ് ഈ കഥയിൽ നാമനുഭവിക്കുന്ന സൗന്ദര്യാനുഭൂതി. പ്രസാധകർ ലിറ്റ് ആർട്ട് ബുക്സ്. വില 150 രൂപ.