Connect with us

editorial

തമിഴകത്ത് വീണ്ടും ഭാഷാ പ്രക്ഷോഭം

എല്ലാ രാഷ്ട്രീയ സമ്മർദങ്ങളെയും ചെറുത്തു തോൽപ്പിച്ച് ഹിന്ദിയെ അതിർത്തിക്ക് പുറത്തുനിർത്തിയ തമിഴ്‌നാട്ടിൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ മറവിലാണ് വീണ്ടും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ദ്രാവിഡ കരുത്തിന് മുന്നിൽ ഈ ശ്രമവും പരാജയപ്പെടാനാണ് സാധ്യത.

Published

|

Last Updated

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് തമിഴ്‌നാട്ടിലെ സ്റ്റാലിൻ സർക്കാർ. ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ പദ്ധതിയും അംഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിനുള്ള 2,185 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നൽകില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയോടെയാണ് തമിഴ്‌നാട്ടിൽ ഹിന്ദിവിരുദ്ധ വികാരം വീണ്ടും ശക്തിപ്പെട്ടത്. ഹിന്ദി കൂടി നിർബന്ധ ഭാഷയാക്കുന്ന ത്രിഭാഷാ പദ്ധതി അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ എ ഐ എ ഡി എം കെ തുടങ്ങി ബി ജെ പി ഒഴികെയുളള സംസ്ഥാനത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഡി എം കെയുടെ നിലപാടിനെ പിന്തുണക്കുന്നു. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം കവർന്നെടുക്കുകയാണ് ത്രിഭാഷാ പദ്ധതിയിലൂടെ കേന്ദ്രമെന്ന് തമിഴക വെട്രി പാർട്ടി നേതാവ് നടൻ വിജയ് പ്രതികരിച്ചു. നിലവിൽ തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാ നയമാണ് തമിഴ്‌നാട് പിന്തുടരുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭാഷകളിൽ പലതും നശിച്ചുപോയത് ഹിന്ദിയുടെ അധിനിവേശത്തെ തുടർന്നാണെന്നും ഇത് നന്നായി അറിയാവുന്നതുകൊണ്ടാണ് തമിഴ്‌നാട് ത്രിഭാഷാ പദ്ധതിയെ എതിർക്കുന്നതെന്നും തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്ത് വ്യാഴാഴ്ച പുറത്തിറക്കിയ കത്തിൽ എം കെ സ്റ്റാലിൻ വ്യക്തമാക്കി. ഉത്തർ പ്രദേശും ബിഹാറും നേരത്തേ ഹിന്ദി ഹൃദയ സംസ്ഥാനങ്ങളായിരുന്നില്ല. ഹിന്ദിയുടെ അധിനിവേശം മൂലമാണ് അവിടുത്ത ഭാഷകൾ അന്യംനിന്നത്. ഭോജ്പുരി, മൈഥിലി, അവധി, ബ്രജ്, ഗഡ്വാളി, മർവാഡി, കുമയോണി, ഛത്തീസ്ഗഢി, മാൾവി, സന്താളി, കുർമാളി തുടങ്ങി ഇരുപത്തഞ്ചോളം ഭാഷകളാണ് ഹിന്ദിയുടെ കടന്നുകയറ്റത്തെ തുടർന്ന് ഇല്ലാതായത്. തമിഴിന് ഇത്തരമൊരു ഗതിവരാൻ അനുവദിക്കില്ല. വേണ്ടി വന്നാൽ തമിഴ്‌നാട് മറ്റൊരു ഭാഷാ സമരത്തിലേക്കിറങ്ങുമെന്നും സ്റ്റാലിൻ പറഞ്ഞു.

ഡി എം കെ പ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ട് ഹിന്ദിക്കെതിരെ. റെയിൽവേ സ്റ്റേഷനുകളിൽ ഹിന്ദിയിൽ രേഖപ്പെടുത്തിയ സ്ഥലനാമങ്ങൾക്ക് കരിഓയിൽ അടിച്ചുകൊണ്ടാണ് അണികൾ ഹിന്ദിവിരുദ്ധ വികാരം പ്രകടിപ്പിക്കുന്നത്. പൊള്ളാച്ചി, പാളയം കോട്ട തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലെ ബോർഡുകളിൽ ഹിന്ദിയിൽ പേര് രേഖപ്പെടുത്തിയ ഭാഗങ്ങളിൽ ഡി എം കെ പ്രവർത്തകർ കരിഓയിൽ പൂശി. ഇത് കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. ഹിന്ദി പേരുകളിൽ കറുപ്പടിച്ചാൽ തമിഴ്‌നാട്ടിലെത്തുന്ന ഉത്തരേന്ത്യക്കാർ എങ്ങനെ സ്ഥലം മനസ്സിലാക്കുമെന്ന ബി ജെ പിക്കാരുടെ ചോദ്യത്തിന്, ഉത്തരേന്ത്യ സന്ദർശിക്കുന്ന തമിഴർ അവിടുത്തെ സ്ഥലങ്ങൾ മനസ്സിലാക്കുന്നതെങ്ങനെയാണോ, അതു പോലെ ഉത്തരേന്ത്യാക്കാർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നായിരുന്നു എം കെ സ്റ്റാലിന്റെ മറുപടി.

തമിഴ്‌നാടിന് പിന്നാലെ പഞ്ചാബും തെലങ്കാനയും ത്രിഭാഷാ പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സ്‌കൂളുകളിൽ പഞ്ചാബി ഭാഷാ പഠനം നിർബന്ധമാക്കി കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് ഇതിന്റെ ഭാഗമാണ്. സി ബി എസ് ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകളിലും നിർബന്ധമായും പഞ്ചാബി പഠിപ്പിച്ചിരിക്കണമെന്നും പഞ്ചാബി പ്രധാന വിഷയമായി പഠിച്ചാൽ മാത്രമേ പത്താം ക്ലാസ്സ് വിജയം ലഭിക്കുകയുള്ളൂവെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. തെലങ്കാനയും സമാനരീതിയിൽ വിജ്ഞാപന
മിറക്കിയിട്ടുണ്ട്.

ഹിന്ദി അടിച്ചേൽപിക്കാനുള്ള ഏത് നീക്കത്തെയും ചെറുത്തുതോൽപ്പിച്ച ചരിത്രമാണ് തമിഴ്‌നാടിനുള്ളത്. 1937ൽ കോൺഗ്രസ്സ് നേതാവായ സി രാജഗോപാലാചാരി, മദ്രാസ് പ്രസിഡൻസിയിൽ ഗവർണറായിരുന്നപ്പോൾ സംസ്ഥാനത്ത് ഹിന്ദിഭാഷ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ അന്ന് ഇ വി രാമസ്വാമിയുടെയും അണ്ണാദുരൈയുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം അരങ്ങേറി. ദ്രാവിഡർക്ക് മേൽ ബ്രാഹ്മണ്യം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാരോപിച്ചായിരുന്നു രാമസ്വാമി രംഗത്തിറങ്ങിയത്. ദ്രാവിഡ സമരത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഒടുവിൽ സി രാജഗോപാലാചാരിക്ക് ഉത്തരവ് പിൻവലിക്കേ
ണ്ടി വന്നു.

1965 ജനുവരി 26ന് ശേഷം ഹിന്ദിയെ ഏക ഔദ്യോഗിക ഭാഷായാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയായിരുന്നു അടുത്ത സമരം. സംസ്ഥാനമാകെ വ്യാപിച്ച പ്രക്ഷോഭം ഒടുവിൽ കലാപമായി മാറുകയും നിയന്ത്രണവിധേയമാക്കാൻ അർധസൈനിക വിഭാഗം ഇടപെടുകയും ചെയ്തു. ലാത്തിച്ചാർജ്, അക്രമം, തീവെപ്പ്, കൊള്ള, പോലീസ് വെടിവെപ്പ് തുടങ്ങി ഭീകരാന്തരീക്ഷത്തിലേക്ക് നീങ്ങിയ കലാപത്തിൽ രണ്ട് പോലീസുകാരുൾപ്പെടെ 70 പേർ കൊല്ലപ്പെട്ടു. ഇത് ഔദ്യോഗിക ഭാഷ്യം. 500ലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. ഹിന്ദി ഇതര സംസ്ഥാനങ്ങൾ ആഗ്രഹിക്കാത്ത കാലത്തോളം ഹിന്ദി പഠനം നിർബന്ധമാക്കില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രി ഉറപ്പ് നൽകിയതോടെയാണ് കലാപം ശമിച്ചത്.

2019ൽ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച “ഒരു രാജ്യം ഒരു ഭാഷ’ പദ്ധതിയും തമിഴകത്ത് കടുത്ത എതിർപ്പുയർത്തി. രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഹിന്ദിക്കേ രാജ്യത്തെ യോജിപ്പിക്കാൻ കഴിയൂ എന്നും അവകാശപ്പെട്ടായിരുന്നു ഷായുടെ പ്രഖ്യാപനം. ഹിന്ദിയേക്കാളും തമിഴിനാണ് ജനങ്ങളെ യോജിപ്പിക്കാൻ കഴിയുകയെന്നാണ് ഇതിനു ഡി എം കെയുടെ മറുപടി. കമലാഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയും ഒരു രാജ്യം ഒരു ഭാഷ പദ്ധതിക്കെതിരെ രംഗത്ത് വന്നതോടെ, ഹിന്ദി അടിച്ചേൽപ്പിക്കില്ലെന്നും മാതൃഭാഷയോടൊപ്പം രണ്ടാം ഭാഷയായി ഹിന്ദിയും പഠിപ്പിക്കണമെന്ന് മാത്രമേ താൻ ഉദ്ദേശിച്ചുള്ളൂവെന്നുമുള്ള പ്രസ്താവനയുമായി അമിത് ഷാ
പിൻവലിഞ്ഞു.

എല്ലാ രാഷ്ട്രീയ സമ്മർദങ്ങളെയും ചെറുത്തു തോൽപ്പിച്ച് ഹിന്ദിയെ അതിർത്തിക്ക് പുറത്തുനിർത്തിയ തമിഴ്‌നാട്ടിൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ മറവിലാണ് വീണ്ടും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ദ്രാവിഡ കരുത്തിന് മുന്നിൽ ഈ ശ്രമവും പരാജയപ്പെടാനാണ് സാധ്യത.

Latest