features
ഭാഷകൾതൻ മാധുര്യം...
മനുഷ്യ വർഗത്തിന് ലഭിച്ച വലിയ സവിശേഷതകളിലൊന്നാണ് സംസാര ശേഷി. ചിന്തകളെയും വികാരങ്ങളെയും ആശയ പ്രകടനത്തിലൂടെ പുറത്തെത്തിക്കാൻ സാധിക്കുന്നു. ഒരു ജനതയുടെ സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക വികസന മേഖലകളിൽ സമഗ്രമായ സംഭാവനകൾ നൽകാൻ ആശയ വിനിമയത്തിനുപയോഗിക്കുന്ന ഭാഷകളിലൂടെ സാധിക്കുന്നു. ലോകത്ത് 7000ത്തിലധികം ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
മനുഷ്യ വർഗത്തിന് ലഭിച്ച വലിയ സവിശേഷതകളിലൊന്നാണ് സംസാര ശേഷി. ചിന്തകളെയും വികാരങ്ങളെയും ആശയ പ്രകടനത്തിലൂടെ പുറത്തെത്തിക്കാൻ സാധിക്കുന്നു. ഒരു ജനതയുടെ സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക വികസന മേഖലകളിൽ സമഗ്രമായ സംഭാവനകൾ നൽകാൻ ആശയ വിനിമയത്തിനുപയോഗിക്കുന്ന ഭാഷകളിലൂടെ സാധിക്കുന്നു. ലോകത്ത് 7000ത്തിലധികം ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ ലോക ജനസംഖ്യയിലെ പകുതിയാളുകൾ സംസാരിക്കുന്നത് ഇതിൽ 23 ഭാഷകൾ മാത്രമാണ്. ഇന്തോ ആര്യൻ ഭാഷകൾ, ആഫ്രിക്കൻ ഭാഷകൾ, മധ്യേഷ്യൻ ഭാഷകൾ, ദ്രാവിഡ ഭാഷകൾ, കിഴക്കനേഷ്യൻ ഭാഷകൾ, യൂറോപ്യൻ ഭാഷകൾ എന്നിങ്ങനെ ഭാഷകളെ പൊതുവിൽ ആറായി തരംതിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നത് ചൈനീസ് ഭാഷയാണ്. പിന്നെ സ്പാനിഷും ഇംഗ്ലീഷും അറബിയുമാണ്.
വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സംഗമ ഭൂമിയായ ഭാരതത്തിൽ എണ്ണമറ്റ ഭാഷകളും ലിപികളുമുണ്ട്. ഇൻഡോ ആര്യൻ ഭാഷകൾ, ദ്രാവിഡ ഭാഷകൾ, സിനോ ടിബറ്റൻ ഭാഷകൾ അവയിൽ പ്രധാനപ്പെട്ടതാണ്. ഭാഷാ വിജ്ഞാന കോശമനുസരിച്ച് ഇന്ത്യ അഞ്ഞൂറോളം ഭാഷകൾക്ക് ജന്മം നൽകിയിട്ടുണ്ട്. രണ്ടായിരത്തിലധികം പ്രാദേശിക ഭാഷകൾ ഇന്ത്യയിലുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അവയിൽ ചിലത് വംശനാശത്തിന് ഇരയായിട്ടുണ്ടെങ്കിലും മറ്റു ചിലത് ലോകോത്തര ഭാഷകളുടെ ലിസ്റ്റിലേക്ക് ഉയർന്നിട്ടുണ്ട്. ഭാരതത്തിന്റെ രാഷ്ട്ര ഭാഷയായ ഹിന്ദി ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷകളുടെ കൂട്ടത്തിൽ എണ്ണിയിട്ടുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും സംസാരിക്കുന്ന ഒരു ഏകീകൃത ഭാഷയില്ല. വടക്കേ ഇന്ത്യയിൽ ഭൂരിപക്ഷം ജനതയും സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെങ്കിലും ഇന്ത്യയുടെ തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഹിന്ദി അത്ര ജനകീയ സംസാര ഭാഷയല്ല.
ഇന്ത്യൻ ഭരണഘടന 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ് തെലുങ്ക്, ഉറുദു, ബോഡോ, ശാന്താലി, മൈഥിലി, ഡോഗ്രി എന്നിവയാണത്. ഇന്ത്യൻ കറൻസി നോട്ടുകളിൽ 17 പ്രാദേശിക ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും നോട്ടിന്റെ മുൻഭാഗത്തും ബാക്കി 15 ഭാഷകളിൽ പുറകുവശത്തുമാണ് രേഖപ്പെടുത്തപ്പെട്ടത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് ഇവ എഴുതിയിട്ടുള്ളത്.
ഇന്ത്യൻ ഭരണഘടനയുടെ 345, 351 വകുപ്പുകൾ ഔദ്യോഗിക ഭാഷകളുമായി ബന്ധപ്പെട്ടതാണ്. ഓരോ സംസ്ഥാനത്തിനും ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള അനുവാദം ഭരണഘടന അനുശാസിക്കുന്നുണ്ട്. 2001 ലെ സെൻസസ് പ്രകാരം 10 ലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന 29 ഭാഷകൾ ഇന്ത്യയിലുണ്ട്.
ശ്രേഷ്ഠഭാഷാ പദവി ലഭിച്ച രാജ്യത്തെ അഞ്ചാമത്തെ ഭാഷയാണ് മലയാളം. ആദ്യമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് തമിഴിനാണ്. 2005ൽ സംസ്‌കൃതത്തിനും 2008ൽ കന്നടക്കും തെലുങ്കിനും ഈ പദവി ലഭിച്ചു. നീണ്ട വർഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്താണ് 2013 ൽ ഈ പരിഗണന മലയാള ഭാഷക്ക് ലഭ്യമായത്.
മലയാളം പ്രധാനമായും കേരളത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലുമടക്കം 3.75 കോടി ജനങ്ങൾ സംസാരിക്കുന്നുണ്ട്. സംസ്‌കൃതം, തമിഴ്, പ്രാകൃതം, പാലി, മറാത്തി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, സിറിയക്, ലാറ്റിൻ, പോർച്ചുഗീസ്, പേർഷ്യൻ, ഡച്ച്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളുടെ സ്വാധീനം മലയാളത്തിന്റെ പരിണാമത്തിലും പരിവർത്തനത്തിലും കാണാം. അധിനിവേശ രാജ്യങ്ങളുടെ ഭാഷകളിൽ നിന്നുള്ള അനേകം പദങ്ങൾ മലയാളത്തിലുണ്ട്. മലയാളികളുടെ ഭാഷകളോടുള്ള തുറന്ന മനസ്സിന്റെ ഫലമായാണ് വിദേശഭാഷകളിൽ നിന്നുള്ള പദങ്ങൾ മലയാളത്തിൽ യഥേഷ്ടം കടന്നുവന്നത്. അറബിമലയാളം, സംസ്‌കൃത മലയാളം, തമിഴ്മലയാളം തുടങ്ങിയ സങ്കര ഭാഷാ സാഹിത്യം മലയാള ഭാഷയുടെ മുന്നേറ്റത്തിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നിവയാണ് ഇന്ത്യയിലെ ക്ലാസിക് ഭാഷകൾ.
അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷ് ഔദ്യോഗികവും മാതൃഭാഷയുമായ ഏക ഇന്ത്യൻ സംസ്ഥാനമാണ് നാഗാലാൻഡ്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നാണ് തമിഴ്. വ്യാപകമായി സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ് തെലുങ്ക്. ഭാരതത്തിന്റെ പശ്ചിമോത്തരഭാഗത്തു വ്യവഹാരത്തിലിരുന്ന ലിപിയായ ഖരോഷ്ഠി അറബിയെ പോലെ വലത്തുനിന്ന് ഇടത്തോട്ടാണ് എഴുതുന്നത്. പാക്കിസ്ഥാനിന്റെ ഔദ്യോഗിക ഭാഷ ഉറുദുവാണ്. ഉത്തരേന്ത്യൻ മുസ്്ലിംകൾ ഉറുദുവിലാണ് കൂടുതലും സംസാരിക്കുന്നത്. പഴയ രാജസദസ്സുകളിലെ ഔദ്യോഗിക ഭാഷ കൂടിയാണത്. ജമ്മു കാശ്മീരിന്റെ ഓദ്യോഗിക ഭാഷ ഉറുദുവാണെങ്കിലും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ കശ്മീരി ഭാഷയാണ്. പേർഷ്യൻ അറബിക് ലിപിയാണതിനുള്ളത്. ഹിന്ദി, കശ്മീരി, ഡോഗ്രി എന്നീ ഭാഷകൾക്ക് ഔദ്യോഗിക പദവി നൽകുന്ന “ജമ്മു ആൻഡ് കശ്മീർ ഒഫീഷ്യൽ ലാംഗ്വേജസ് ബിൽ’ 2020 ൽ ലോക്‌സഭ പാസ്സാക്കിയിട്ടുണ്ട്.
ഭാഷകളിൽ ഏറ്റവും സ്ഫുടമായും വ്യക്തമായും സംസാരിക്കാനും ഗ്രഹിക്കാനും കഴിയുന്ന അറബി ഭാഷ നിരവധി രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയാണ്. കൂടാതെ, എറിട്രിയാ, ഛാഢ്, ഇസ്‌റാഈൽ എന്നിവിടങ്ങളിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയുമാണത്. ടർക്കിഷ്, പേർഷ്യൻ, കുർദിഷ്, ജോർദാൻ, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ പ്രമുഖ ഭാഷകളിൽ അറബി ഭാഷയുടെ സ്വാധീനം ധാരാളമുണ്ട്. അക്ഷരലോകത്തെ സുന്ദരിയെന്നാണ് അറബി ലിപി അറിയപ്പെടുന്നത്.
അറബി ലിപി ഉപയോഗിച്ചാണ് പേർഷ്യൻ, കുർദിഷ്, മലായ്, ടർക്കിഷ്, ഉറുദു ഭാഷകൾ എഴുതുന്നത്. അറബി ഭാഷയെ ‘സംസ്‌കാരങ്ങൾക്കിടയിലെ പാലം’ എന്നാണ് യുനെസ്‌കോ വിശേഷിപ്പിച്ചത്. അറബി ഭാഷക്ക് നിരവധി നാമങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഖുർആനിന്റെ ഭാഷയെന്നതാണ്. വിശുദ്ധ ഖുർആൻ അവതീർണമായത് അറബി ഭാഷയിലായതിനാലാണത്. “ള്വാദ്’ എന്ന അക്ഷരമുള്ള ഏക ഭാഷ അറബിയായതിനാൽ “ള്വാദിന്റെ ഭാഷ’ എന്നും പൊതുവിൽ അറിയപ്പെടുന്നു. ഭാഷാലിപികളിൽ അതീവ സൗന്ദര്യമുള്ള അറബിക്ക് പ്രധാനമായും അഞ്ച് ലിപി രൂപങ്ങളുണ്ട്. ഏറ്റവും പഴക്കം ചെന്ന അറബി ലിപിയായ “കൂഫീ ലിപിയാണതിലൊന്ന്’. അച്ചടി ലിപിയായ “ഖത്വു നസ്ഖാ’ണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. കൈയെഴുത്ത് ലിപിയായ “ഖത്വു റുഖ്അ’യാണ് മറ്റൊന്ന്. വളരെ ഭംഗിയാർന്ന മറ്റൊരു ലിപിയാണ് “ഖത്വുദ്ദീവാനി’ (കാവ്യ ലിപി). പേർഷ്യൻ ലിപി എന്ന പേരിലറിയപ്പെടുന്ന “ഖത്വുൽ ഫാരിസീ’ കാഴ്ചയിൽ ഭംഗിയുണ്ടെങ്കിലും വളരെ സാവധാനത്തിൽ മാത്രമേ ഈ ലിപിയിൽ എഴുതാനാവുകയുള്ളൂ.
കേരളീയർക്ക് സുപരിചിതമായ “പൊന്നാനി ലിപി’ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചിച്ചിട്ടില്ല. എങ്കിലും പഴയ കാലത്ത് കേരളീയ സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കാൻ അവക്കായിട്ടുണ്ട്. മുസ്‌ലിംകൾക്ക് മാത്രമായി പരിമിതപ്പെട്ട ഭാഷയല്ല അറബി. ഇസ്‌റാഈൽ, ലബനാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ മുസ്‌ലിംകളല്ലാത്തവരുടെ സംസാരഭാഷയാണ് അറബി. “അൽമുൻജിദ്’ അറബി ഡിക്്ഷണറി ഉൾപ്പെടെ ധാരാളം ഗ്രന്ഥങ്ങൾ അമുസ്‌ലിംകളിൽ നിന്നും അറബി ഭാഷയിൽ വിരചിതമായിട്ടുണ്ട്.