Connect with us

Ongoing News

പരാജയ പരമ്പരയില്‍ നിന്ന് മോചനമില്ലാതെ ലങ്ക; ന്യൂസിലന്‍ഡിനോട് തോറ്റത് അഞ്ച് വിക്കറ്റിന്

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 171 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിംഗില്‍ വെറും 23.2 ഓവര്‍ മാത്രമെടുത്ത് ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി.

Published

|

Last Updated

ബെംഗളൂരു | തോല്‍വികളുടെ പരമ്പരയില്‍ നിന്ന് മോചനമില്ലാതെ ശ്രീലങ്ക. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ഇന്നത്തെ ലോകകപ്പ് അങ്കത്തില്‍ ന്യൂസിലന്‍ഡിനോടാണ് ലങ്ക അടിയറവു പറഞ്ഞത്. അഞ്ച് വിക്കറ്റിനാണ് കിവികളുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 171 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിംഗില്‍ വെറും 23.2 ഓവര്‍ മാത്രമെടുത്ത് ന്യൂസിലന്‍ഡ് ലക്ഷ്യത്തിലെത്തി. അഞ്ച് വിക്കറ്റ് ബാക്കിയിരിക്കെയായിയിരുന്നു കിവികള്‍ വിജയത്തിലെത്തിയത്.

ഡെവോണ്‍ കോണ്‍വേ (42 പന്തില്‍ 45), രചിന്‍ രവീന്ദ്ര (34ല്‍ 42), ഡാരില്‍ മിഷേല്‍ (31ല്‍ 43) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ന്യൂസിലന്‍ഡിനെ അനായാസ ജയം നേടാന്‍ സഹായിച്ചത്.

ലങ്ക നേടിയ വിക്കറ്റുകള്‍ ഏയ്ഞ്ചലോ മാത്യൂസ് (2), മഹേഷ് തീക്ഷണ (1), ദുഷ്മന്ത ചമീര (1) എന്നിവര്‍ പങ്കിട്ടു.

20 പന്തുകള്‍ ശേഷിക്കേയാണ് ലങ്കന്‍ ബാറ്റിംഗ് നിര പൂര്‍ണമായി കൂടാരം കയറിയത്. 28 പന്തില്‍ 52 റണ്‍സ് അടിച്ചെടുത്ത കുശാല്‍ പെരേരക്കും പുറത്താകാതെ 38 റണ്‍സെടുത്ത മഹേഷ് തീക്ഷണയുമാണ് താരതമ്യേന മെച്ചപ്പെട്ട ബാറ്റിംഗ് നടത്തിയത്. എന്നാല്‍, 38 റണ്‍സിലെത്താന്‍ തീക്ഷണ 91 പന്ത് എടുത്തുവെന്നത് ടീമിന് തിരിച്ചടിയായി. മറ്റ് ബാറ്റര്‍മാരില്‍ ഏഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡിസില്‍വ (19), ദില്‍ഷന്‍ മധുശങ്ക (19) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കത്തിലെത്താന്‍ കഴിഞ്ഞത്.

ന്യൂസിലന്‍ഡ് ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ട് കൂടുതല്‍ മികച്ചു നിന്നു. 10 ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ബോള്‍ട്ടിന് സാധിച്ചു. ലോക്കി ഫെര്‍ഗൂസണ്‍, മിഷേല്‍ സാന്റനര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ടിം സൗത്തിക്ക് ഒരു വിക്കറ്റ് ലഭിച്ചു.

Latest