Connect with us

cop climate summit

വലിയ മുറിവ്; ചെറിയ പ്ലാസ്റ്റർ

ഇങ്ങനെയൊക്കെ പറയാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ, അങ്ങനെയൊക്കെ പറയേണ്ടി വരുമെന്നാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടികളും അതിൽ വരുന്ന തീരുമാനങ്ങളും ലോകത്തെ വിവിധ രാജ്യങ്ങൾ അനുഭവിക്കുന്ന കാലാവസ്ഥാ ആഘാതങ്ങളും വിലയിരുത്തുമ്പോൾ തോന്നുന്നത്.

Published

|

Last Updated

റെ പ്രതീക്ഷകളോടെയാണ് ഈജിപ്തിലെ ശറം അൽ ശൈഖിൽ 27 മത് കാലാവസ്ഥാ ഉച്ചകോടി ആരംഭിച്ചത്. ഈ മാസം ആറിന് ആരംഭിച്ച ഉച്ചകോടി 18ന് അവസാനിക്കാനിരിക്കെയായിരുന്നു ഒരു ദിവസത്തേക്ക് കൂടി സമ്മേളനം നീട്ടണമെന്ന ആവശ്യം ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെക്കുന്നത്. പിന്നീട് വന്നത് ഒരു വമ്പൻ പ്രഖ്യാപനമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ദുർബല രാജ്യങ്ങൾക്കായി നഷ്ടപരിഹാര നിധി രൂപവത്കരിക്കാൻ പോകുന്നുവെന്ന തീരുമാനമായിരുന്നു അത്. ചരിത്രത്തിൽ രേഖപ്പെടുത്താൻ പാകത്തിലുള്ള തീരുമാനം പ്രഖ്യാപിച്ചതിന്റെ സംതൃപ്തിയിൽ ഒരു ദിവസം വൈകിയാണെങ്കിലും ഉച്ചകോടി പിരിഞ്ഞു. കോപ് 27 മായി ബന്ധപ്പെട്ട് നല്ലൊരു തലക്കെട്ട് കിട്ടിയ ആശ്വാസത്തിൽ മാധ്യമങ്ങളും ശറം അൽ ശൈഖിനോട് സലാം പറഞ്ഞു. അപ്പോഴും ഫോസിൽ ഇന്ധനങ്ങൾ പൂർണമായും ഒഴിവാക്കാനുള്ള ചർച്ചകളിൽ മുൻ വർഷത്തെ ഉച്ചകോടികളിൽ നിന്ന് കാര്യമായി മുന്നോട്ടു പോകാൻ കോപ് 27 ന് സാധിച്ചില്ല.

എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഉപയോഗം കുറക്കാനുള്ള തീരുമാനം വേണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും അന്തിമ പ്രഖ്യാപനത്തിൽ അത് ഉൾക്കൊള്ളിച്ചില്ല. ആഗോള താപന തോത് രണ്ട് ഡിഗ്രി സെൽഷ്യസിന് താഴെ നിർത്തണമെന്ന പാരീസ് ഉടമ്പടിയുടെ ലക്ഷ്യം ഓർമിപ്പിക്കുകയും ചെയ്തു. 1.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയാൽ അപകടം വ്യാപകമായിരിക്കുമെന്ന പഠനങ്ങൾ നിലനിൽക്കെയാണ് ഈ ഐക്യദാർഢ്യ പ്രഖ്യാപനമെന്ന് ഓർക്കണം.

നഷ്ട പരിഹാര നിധി രൂപവത്കരണത്തിനുള്ള ഗംഭീര പ്രഖ്യാപനം നടത്തി കാലാവസ്ഥാ ഉച്ചകോടി പിരിഞ്ഞെങ്കിലും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്. ആരാണ് ഈ ഫണ്ട് ശേഖരിക്കുക, ഏതെല്ലാം രാജ്യങ്ങളും സ്ഥാപനങ്ങളുമാണ് നഷ്ടപരിഹാര നിധിയിലേക്ക് സംഭാവനകൾ നൽകേണ്ടത്, ഓരോരുത്തരും നൽകേണ്ട വിഹിതം എത്രയാണ്, ഏതെല്ലാം രാജ്യങ്ങളാകും ഇതിന്റെ ഗുണഭോക്താക്കൾ, നഷ്ടപരിഹാര നിധി തികഞ്ഞില്ലെങ്കിൽ അതിനുള്ള പരിഹാരമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് കോപ് 27 നെ നോക്കി ചിരിക്കുന്നത്. ഇത്തരം ചോദ്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ ഒരു കമ്മിറ്റിയെ ഏൽപ്പിച്ചിട്ടുണ്ട്. ഇവർ ഒരു വർഷം മുഴുവൻ പഠിച്ചിട്ട് അടുത്ത വർഷം യു എ ഇയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ അവരുടെ നിർദേശങ്ങൾ അവതരിപ്പിക്കും. ലോക രാഷ്ട്രങ്ങളെല്ലാം ചേർന്ന് ഈ റിപോർട്ട് രണ്ട് ആഴ്ച ചർച്ച ചെയ്ത് ചായയും കുടിച്ച് പിരിയും.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും അന്തരീക്ഷ താപനില വർധനവും കാലാവസ്ഥാ വ്യതിയാനങ്ങളും ദുർബല രാഷ്ട്രങ്ങൾ അനുഭവിക്കുന്ന കെടുതികളും വർധിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ പറയാമോ എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചാൽ അങ്ങനെയൊക്കെ പറയേണ്ടി വരുമെന്നാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടികളും അതിൽ വരുന്ന തീരുമാനങ്ങളും ലോകത്തെ വിവിധ രാജ്യങ്ങൾ അനുഭവിക്കുന്ന കാലാവസ്ഥാ ആഘാതങ്ങളും വിലയിരുത്തുമ്പോൾ തോന്നുന്നത്.

നാടകം

ചരിത്രത്തിലെ ഏറ്റവും നിഷ്ഫലമായ കാലാവസ്ഥാ ഉച്ചകോടിയെന്ന ചീത്തപ്പേര് ഒഴിവാക്കാനുള്ള ശ്രമമായിരുന്നില്ലേ കോപ് 27 ഉച്ചകോടി ഒരു ദിവസം കൂടി നീട്ടാനും ഗമണ്ടൻ പ്രഖ്യാപന നാടകം നടത്താനുമുള്ള തീരുമാനം. “ചരിത്രപരമായ തമാശ’യെന്നാണ് യൂറോപ്യൻ യൂനിയൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻസ് ഉച്ചകോടിയെക്കുറിച്ച് പ്രതികരിച്ചത്.
കാർബൺ ബഹിർഗമനത്തിൽ മുന്പന്തിയിലുള്ള രാജ്യങ്ങളെ അത് കുറക്കാൻ പ്രേരിപ്പിക്കുന്ന ഒരു ശ്രമവും ഉച്ചകോടിയിൽ ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ കമന്റ്. “വലിയ മുറിവിലെ ചെറിയ പ്ലാസ്റ്റർ’ എന്നാണ് ഗ്രീൻപീസിന്റെ പ്രതികരണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന 55 രാജ്യങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സഹിച്ച നഷ്ടത്തിന്റെ തോത് 525 ബില്യൺ ഡോളറാണത്രേ. അതായത് 5,25,000 കോടി ഡോളർ.

2030 ആകുമ്പോഴേക്ക് ഇത് 580 ബില്യൺ ഡോളറാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 2025ന് മുമ്പ് കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന് ഉച്ചകോടിയിൽ അവതരിപ്പിച്ച കരാർ പിന്നാക്കം പോയി എന്നതിന് പുറമേ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന കൽക്കരി, പെട്രോളിയം ഉൾപ്പെടെ എല്ലാ ഫോസിൽ ഇന്ധനങ്ങളുടെയും ഉപയോഗം 2025നകം പടിപടിയായി വെട്ടിക്കുറക്കണമെന്ന ആവശ്യത്തിനും കരാറിൽ ഇടം കിട്ടിയില്ല.
ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ പ്രധാന ഊന്നലുകളിലൊന്ന് ഇതായിരുന്നുവെന്ന് ഓർക്കുന്നത് നല്ലതാണ്.

ആർക്കു വേണ്ടി?

1995 ബെർലിനിലാണ് ആദ്യ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. ഭൗമ ഉച്ചകോടി (Earth Summit) എന്നായിരുന്നു ആദ്യകാലത്ത് അതിനെ വിളിച്ചിരുന്നത്. കാലാന്തരത്തിൽ ഭൗമ ഉച്ചകോടി കാലാവസ്ഥാ ഉച്ചകോടിയായി പരിണമിച്ചു. കോൺഫറൻസ് ഓഫ് പാർട്ടീസ് എന്നതിന്റെ ചുരുക്കമാണ് കോപ് (Cop). ആഗോള താപനത്തിന് തടയിടാൻ ആഗോള സമൂഹത്തെ ഒരൊറ്റ കുടക്കീഴിൽ ഒന്നിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉച്ചകോടിക്ക് തുടക്കം കുറിക്കുന്നത്. ഐക്യരാഷ്ട്ര സഭയാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനായി നിലവിൽ വന്ന 1997 ലെ ക്യോട്ടോ പ്രോട്ടോകോളിന് പകരമെന്ന തരത്തിലാണ് 2015ലെ പാരീസ് ഉടമ്പടി അവതരിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ പ്രതിസന്ധി ഒരു ആഗോള പ്രതിഭാസമാണെന്ന് ഔദ്യോഗികമായി വിലയിരുത്തുന്നത് 2015 ലെ പാരീസ് ഉച്ചകോടിയിലാണ്. ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുക, ആഗോള താപന വർധനവ് 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തുക, ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ച് വർഷത്തിലൊരിക്കൽ പുരോഗതി റിപോർട്ട് സമർപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് ഓരോ വർഷവും 10,000 കോടി ഡോളർ സഹായം നൽകുക എന്നിവയായിരുന്നു പാരീസ് ഉച്ചകോടിയിലെ പ്രധാന തീരുമാനങ്ങൾ.

യു കെയിലെ ഗ്ലാസ്‌ഗോയിൽ കഴിഞ്ഞ വർഷം നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ പ്രതിജ്ഞകളും കൂടി വിലയിരുത്തുന്നത് നന്നാവും. ഫോസിൽ ഇന്ധന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന കൽക്കരി ഉപയോഗം കുറയ്ക്കുക, വന നശീകരണം 2030 ഓടെ 30 ശതമാനമായി കുറയ്ക്കുക, മീഥെയ്ൻ ബഹിർഗമനം 2030 ഓടെ 30 ശതമാനമായി കുറയ്ക്കുക, പുതിയ കാലാവസ്ഥാ പദ്ധതികൾ ഐക്യരാഷ്ട്രസഭക്ക് സമർപ്പിക്കുക എന്നിവയായിരുന്നു കോപ് 26 ന്റെ പ്രധാന പ്രഖ്യാപനങ്ങൾ.
ഓരോ വർഷവും കോടികൾ ചെലവിട്ട് സംഘടിപ്പിക്കുന്ന കാലാവസ്ഥാ ഉച്ചകോടികൾ കൊണ്ട് എന്തു ഗുണമുണ്ടായി എന്ന ചോദ്യത്തിന് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗൗരവം ലോകത്തെ അറിയിക്കാനാകുന്നു എന്ന് മാത്രം മറുപടി പറയേണ്ടി വരും. വലിയ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകുന്നുവെന്നല്ലാതെ ആഗോള താപനത്തെയോ കാലാവസ്ഥാ ദുരന്തങ്ങളെയോ തടയാൻ കാര്യമായ ഒരു നീക്കവും ഇതിനെല്ലാം കാരണക്കാരായ ലോക രാഷ്ട്രങ്ങളിൽ നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് സത്യം.

ആത്മാർഥത എത്രത്തോളം?

കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ രൂപപ്പെടുത്തിയ ഫസ്റ്റ് മൂവേഴ്‌സ് കൊയിലിഷൻ (Fistr movers coilition) എന്ന കോർപറേറ്റ് കമ്പനികളുടെ കൂട്ടത്തിലേക്ക് ഈ വർഷം പെപ്‌സികോ, ജനറൽ മോട്ടോഴ്സ്, റിയോ ടിന്റോ, ഈറ്റക്‌സ് തുടങ്ങിയ വ്യവസായ ഭീമന്മാർ കൂടി വന്നിരിക്കുന്നു. ഇതോടെ കാലാവസ്ഥാ മാറ്റത്തെ നേരിടാൻ രൂപവത്കരിച്ച കോർപറേറ്റ് സംഘത്തിൽ 65 വ്യവസായ ഭീമന്മാർ അംഗങ്ങളായി. അന്തരീക്ഷത്തിലേക്കുള്ള 30 ശതമാനം കാർബൺ വികിരണത്തിന് കാരണക്കാരായ ഘന വ്യവസായത്തെയും ദീർഘദൂര ചരക്ക്- ഗതാഗത മേഖലയെയും പൂജ്യത്തോടടുത്ത കാർബൺ വികിരണത്തിലേക്ക് എത്തിക്കാൻ സാങ്കേതിക സഹായം ആവശ്യമാണ്. ഇതിന് സഹായകരമായ ഹരിത സാങ്കേതിക വിദ്യകളെ വ്യാവസായിക അടിസ്ഥാനത്തിൽ പ്രചരിപ്പിക്കാൻ 12 ബില്യൺ ഡോളർ ചെലവഴിക്കാമെന്ന് ഈ കോർപറേറ്റ് സംഘം ഉറപ്പു നൽകിയത്രേ. അതോടുകൂടെ 2030 ആകുമ്പോഴേക്കും തങ്ങൾ വാങ്ങുന്ന സിമന്റും കോൺക്രീറ്റും കാർബൺ വികിരണം പൂജ്യത്തോടടുത്ത് നിൽക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമിച്ചതാണെന്ന് ഇവർ ഉറപ്പു വരുത്തുകയും ചെയ്യും. പ്രഖ്യാപനങ്ങൾ കേൾക്കാൻ എന്തൊരു സുഖം.

അതേസമയം ആശ്വസിക്കാനിരിക്കട്ടെ, “തങ്ങളുടെ ഉത്പാദന- വാണിജ്യ പ്രവർത്തനങ്ങളെ നെറ്റ് സീറോ കാർബൺ വികിരണത്തിലേക്ക് എത്തിക്കാം എന്ന പ്രതിജ്ഞകൾ പബ്ലിക് റിലേഷൻ ആഭാസങ്ങൾ മാത്രമായി കോർപറേറ്റുകൾ കാണുകയാണ്’ എന്ന പ്രസ്താവന യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റേതാണ്. കോർപറേറ്റ് ഭീമന്മാർ ഇത്തരം പ്രഖ്യാപനങ്ങൾ എത്രത്തോളം ആത്മാർഥതയോടെയാണ് നടത്തുന്നത് എന്ന് പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ ഒരു സമിതിയെ നിയോഗിച്ചിരുന്നു. കാനഡയുടെ മുൻ പരിസ്ഥിതി മന്ത്രി കാതറിൻ മക്കെന്ന നേതൃത്വം നൽകുന്ന ഈ സമിതി അതിന്റെ റിപോർട്ട് കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടിയിൽ സമർപ്പിച്ചിരുന്നു. ഇക്കാലമത്രയും രാജ്യങ്ങളും കോർപറേറ്റ് കമ്പനികളും നടത്തിയ കാലാവസ്ഥാ പ്രതിജ്ഞകൾ മിക്കതും കേവലം പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമായിരുന്നെന്നാണ് ഈ സമിതിയുടെ കണ്ടെത്തൽ.

ഇന്ത്യയും ബ്രസീലുമടങ്ങുന്ന ജി 77 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ദുർബല രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം നിരന്തമായി ഉന്നയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ അനുഭവിക്കുന്ന രാഷ്ട്രങ്ങളുടെ എണ്ണം ഈ കൂട്ടായ്മയിൽ കൂടുതലാണ്. പരിസ്ഥിതി സംരക്ഷണം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളിൽ ചെറിയ കാൽവെപ്പുകൾ വെക്കാൻ ഇവർ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നിറഞ്ഞൊഴുകുന്ന പുഴ വറ്റിക്കാൻ ഒരു കോരി വെള്ളം കരയിലേക്ക് ഒഴിക്കുന്നതിന്റെ ഫലമേ അത് ഉണ്ടാക്കൂ. കാലാവസ്ഥാ ദുരന്തങ്ങൾ തങ്ങളുടെ വാതിൽപ്പടിയിൽ നിന്ന് തിരിച്ചു പോകാതെയിരിക്കുമ്പോൾ സാമ്പത്തിക ഭീമന്മാരും ദുർബല രാജ്യങ്ങളുടെ കൂടെ അണിനിരക്കും. പക്ഷേ, അപ്പോഴേക്കും നമുക്ക് ജീവിക്കാൻ ഭൂമി ബാക്കിയുണ്ടാകുമോ എന്നത് ഒരു ചോദ്യമാണ്.

Latest