Uae
അബൂദബിയില്‍ ഏറ്റവും വലിയ ഹൈബ്രിഡ് കോര്‍ഡ് ബ്ലഡ് ബാങ്ക്
പ്രാദേശികവും ആഗോളവുമായ ആരോഗ്യ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇത് സംഭാവന നല്‍കുമെന്ന് അബൂദബി ആരോഗ്യ വകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. നൂറ ഖമീസ് അല്‍ ഗൈതി പറഞ്ഞു
അബൂദബി| മേഖലയിലെ ഏറ്റവും വലിയ ഹൈബ്രിഡ് കോര്‍ഡ് ബ്ലഡ് ബാങ്ക് അബൂദബിയില്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പും എം 42-ഉം സഹകരിച്ച് ആണ് അബൂദബി ബയോബാങ്ക് എന്ന പേരിലുള്ള സംരംഭം പ്രഖ്യാപിച്ചത്. ചികിത്സയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക, ചികിത്സാ പ്രവേശനം വര്‍ദ്ധിപ്പിക്കുക, അതിജീവന നിരക്ക് മെച്ചപ്പെടുത്തുക, സര്‍ക്കാരുകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അബൂദബിയിലെ മാതൃ-ശിശു ആരോഗ്യ പരിപാലന സ്ഥാപനങ്ങളായ ദാനത് അല്‍ ഇമാറാത്ത് ഹോസ്പിറ്റല്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, എം42 ഗ്രൂപ്പിന്റെ ഭാഗമായ കോര്‍ണിഷ് ഹോസ്പിറ്റല്‍, കനാട് ഹോസ്പിറ്റല്‍, എന്‍എംസി ഹെല്‍ത്ത് കെയറിന്റെ ഭാഗമായുള്ള ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ സേവനം പ്രയോജനപ്പെടുത്താം.
പ്രാദേശികവും ആഗോളവുമായ ആരോഗ്യ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇത് സംഭാവന നല്‍കുമെന്ന് അബൂദബി ആരോഗ്യ വകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ. നൂറ ഖമീസ് അല്‍ ഗൈതി പറഞ്ഞു.
കോര്‍ഡ് ബ്ലഡ് സ്റ്റെം സെല്ലുകളുടെ അടിയന്തിര ആവശ്യം നിറവേറ്റുന്നതില്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തത കൈവരിക്കുകയും ഗവേഷണത്തിലും നവീകരണത്തിലും പ്രാദേശിക കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്താര്‍ബുദം, ലിംഫോമ, ട്രാന്‍സ്പ്ലാന്റ് ആവശ്യമായ അസ്ഥി മജ്ജ രോഗങ്ങള്‍ എന്നിവ പോലുള്ള ചില ഹെമറ്റോളജിക്കല്‍, രോഗപ്രതിരോധ സംവിധാന വൈകല്യങ്ങളെ ചികിത്സിക്കാനും ഇത് ഉപയോഗിക്കാം.