National
കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍; ഗ്രനേഡുകള്‍ പിടിച്ചെടുത്തു
ഉഷ്‌കര സ്വദേശിയായ മുദാസിര്‍ അഹമ്മദ് ഭട്ടാണ് പിടിയിലായത്.

ശ്രീനഗര്‍| ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഒരു ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനെ സുരക്ഷാ സേന പിടികൂടി. പോലീസും സുരക്ഷാ സേനയും നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ കൈവശം കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഭീകര നീക്കം സംബന്ധിച്ച വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ബാരാമുള്ളയിലെ ഉഷ്‌കരയില്‍ സുരക്ഷാ സേന ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നു.
പരിശോധനയ്ക്കിടെ പോലീസിനെയും സുരക്ഷാ സേനയെയും കണ്ട് ഭീകരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ഭീകരനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഉഷ്‌കര സ്വദേശിയായ മുദാസിര്‍ അഹമ്മദ് ഭട്ടാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ഗ്രനേഡുകളും 40,000 രൂപയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബാരാമുള്ളയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.