Connect with us

Ongoing News

അവസാന അവസരം; ഇന്ത്യ-ഖത്വര്‍ ലോകകപ്പ് യോഗ്യതാ മത്സരം നാളെ

ഗ്രൂപ്പ് എയില്‍ 13 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഖത്വര്‍ ഇതിനകം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. അഞ്ച് മത്സരങ്ങളില്‍ ഒരു ജയം, രണ്ട് വീതം സമനില, തോല്‍വി എന്നിങ്ങനെയായി അഞ്ച് പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

Published

|

Last Updated

ദോഹ | ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരം നാളെ. കരുത്തരായ ഖത്വറിനെതിരെ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് അങ്കം. ഇന്ത്യന്‍ സമയം രാത്രി 9.15നാണ് മത്സരം നടക്കുക.

ഗ്രൂപ്പ് എയില്‍ 13 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഖത്വര്‍ ഇതിനകം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ച ഖത്വര്‍ അഫ്ഗാനിസ്താനെതിരായ കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു.

അഞ്ച് മത്സരങ്ങളില്‍ ഒരു ജയം, രണ്ട് വീതം സമനില, തോല്‍വി എന്നിങ്ങനെയായി അഞ്ച് പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അഫ്ഗാനിസ്താനും ഇത്രയും പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തായി. നാല് പോയിന്റുള്ള കുവൈത്താണ് നാലാമത്. ആദ്യ രണ്ട് സ്ഥാനക്കാരാണ് മൂന്നാം റൗണ്ടിലെത്തുക.

കഴിഞ്ഞ മത്സരത്തില്‍ കുവൈത്തിനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് മൂന്നാം റൗണ്ട് ഉറപ്പിക്കാമായിരുന്നു. ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു ഇത്. ഛേത്രിയുടെ അഭാവത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ഇന്ത്യയെ നയിക്കും.

Latest