Business
രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള അവസാന തീയതി നാളെ; 12,000 കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്താൻ ബാക്കി
രണ്ടായിരം രൂപ നോട്ടുകളിൽ 96 ശതമാനവും ഇതിനകം ബാങ്കിൽ തിരിച്ചെത്തിയെന്നും അതിന്റെ മൂല്യം 3.43 ലക്ഷം കോടി രൂപയാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ്
ന്യൂഡൽഹി | രണ്ടായിരം രൂപ നോട്ട് ബാങ്കിൽ നിക്ഷേപിക്കാനോ മറ്റൊരു നോട്ടിലേക്ക് മാറ്റാനോ ഉള്ള അവസാന ദിവസം നാളെ. രണ്ടായിരം രൂപ നോട്ടുകളിൽ 96 ശതമാനവും ഇതിനകം ബാങ്കിൽ തിരിച്ചെത്തിയെന്നും അതിന്റെ മൂല്യം 3.43 ലക്ഷം കോടി രൂപയാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
തിരിച്ചെത്തിയ നോട്ടുകളിൽ 87 ശതമാവും ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുകയാണ്. ബാക്കിയുള്ള നോട്ടുകൾ മറ്റ് നോട്ടുകൾക്ക് പകരം മാറ്റി. 12,000 കോടി രൂപ വിലമതിക്കുന്ന രണ്ടായിരം രൂപ നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, നോട്ടുകൾ മാറ്റിവാങ്ങാൻ സെപ്റ്റംബർ 30 വരെയായിരുന്നു സമയം നൽകിയിരുന്നത്. പിന്നീട് ഇത് ഒക്ടോബർ 7 വരെ നീട്ടുകയായിരുന്നു.
ഒക്‌ടോബർ ഏഴിന് ശേഷം ആർബിഐ 19 ഇഷ്യൂ ഓഫീസുകൾ വഴി നോട്ടുകൾ മാറ്റാം. 20,000 രൂപ മൂല്യമൂള്ള നോട്ടുകൾ ഒരേ സമയം മാറ്റാനാകും.
2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെയാണ് പുതിയ സീരീസിൽ രണ്ടായിരം രൂപ നോട്ട് വിപണിയിലെത്തിയത്. 2018-19 വർഷം മുതൽ 2000 രൂപ നോട്ടുകളുടെ അച്ചടി ആർബിഐ നിർത്തിയിട്ടുണ്ട്.