Ongoing News
അവസാന അങ്കം ആസ്ത്രേലിയക്ക്; പരമ്പരയും
നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിനാണ് ഓസീസ് ജയം.
ചെന്നൈ | ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ നിരാശ ഏകദിനത്തില്‍ തീര്‍ത്ത് ആസ്ത്രേലിയ. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ വിജയിച്ച് സന്ദര്‍ശകര്‍ പരമ്പര സ്വന്തമാക്കി.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിനാണ് ഓസീസ് ജയം. ആദ്യ ഏകദിനം ഇന്ത്യയും രണ്ടാമത്തേത് ആസ്ത്രേലിയയും വിജയിച്ചിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആസ്‌ത്രേലിയയെ ഒരു ഓവര്‍ ശേഷിക്കെ 269 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. വലിയ പ്രയാസം കൂടാതെ ലക്ഷ്യം മറികടക്കാമെന്ന ആത്മവിശ്വാസത്തില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷയെ പക്ഷെ ഓസീസ് ബൗളര്‍മാര്‍ തകര്‍ത്തു. 49.1 ഓവറില്‍ 248 റണ്‍സിന് ഇന്ത്യ കൂടാരം കയറി.
നാലു വിക്കറ്റ് കടപുഴക്കിയ ആദം സാംപയാണ് ഇന്ത്യയെ എറിഞ്ഞൊതുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. ആഷ്ടന്‍ അഗര്‍ രണ്ടും മാര്‍കസ് സ്റ്റോയിനിസും സീന്‍ അബോട്ടും ഓരോ വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര 2-1നാണ് ഓസീസ് സ്വന്തമാക്കിയത്.
47 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് ആണ് ആസ്ത്രേലിയയുടെ ടോപ് സ്‌കോറര്‍. അലക്‌സ് ക്യാരി (38), ട്രവിസ് ഹെഡ് (33) മാര്‍നസ് ലബ്യുഷെയ്ന്‍ (28), സീന്‍ അബോട്ട് (26) എന്നിവരും തിളങ്ങി.
ഇന്ത്യക്കായി വിരാട് കോലിയുടെ അര്‍ധശതകം (54) പാഴായെങ്കിലും ഏകദിനത്തില്‍ കൂടുതല്‍ തവണ 50ല്‍ കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് കോലി സ്വന്തം പേരിലാക്കി. വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് മറികടന്നത്.
ഹാര്‍ദിക് പാണ്ഡ്യ (40), ശുഭ്മാന്‍ ഗില്‍ (37), രോഹിത് ശര്‍മ (30) എന്നിവരും മികച്ച സ്‌കോര്‍ കണ്ടെത്തി. ഒന്നാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യ തകര്‍ന്നത്. നായകന്‍ രോഹിത് ശര്‍മയെയാണ് ആദ്യം നഷ്ടമായത്. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജും അക്ഷര്‍ പട്ടേലും രണ്ട് വീതം വിക്കറ്റെടുത്തു.
പരമ്പരയില്‍ പൂജ്യത്തിന് പുറത്താകുന്നതില്‍ സൂര്യകുമാര്‍ യാദവ് ഹാട്രിക് തികച്ചു. മൂന്നാം ഏകദിനത്തിലും ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു സൂര്യകുമാര്‍. ആഷ്ടണ്‍ അഗറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു ഏകദിന പരമ്പരയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം എല്ലാ മത്സരത്തിലും ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്താകുന്നത്.