National
സീതാറാം യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; 11 മണിക്ക് എകെജി ഭവനില്‍ പൊതുദര്‍ശനം
എകെജി സെന്ററില്‍ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും.
ന്യൂഡല്‍ഹി | അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും. യെച്ചൂരിയുടെ വസതിയില്‍ എത്തിച്ച മൃതശരീരം രാവിലെ 11 മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുപോകും. രാവിലെ 11 മണി മുതല്‍ മൂന്ന് മണിവരെ പൊതുദര്‍ശനത്തിന് വെക്കും.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍ ആര്‍പ്പിക്കും. എകെജി സെന്ററില്‍ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും.തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി എയിംസ് അധികൃതര്‍ക്ക് കൈമാറും.
ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് യെച്ചൂരി അന്തരിച്ചത്. ആഗസ്റ്റ് 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.