Connect with us

Saudi Arabia

റമസാന്‍ അവസാന വെള്ളിയാഴ്ച്ച ; ഇരുഹറമുകളും ജനസാഗരം

മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് പുലര്‍ച്ച മുതല്‍ തന്നെ ഉംറ തീര്‍ത്ഥാടകരും,ജുമുഅഃ നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനുമായി ചെറു സംഘങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു.

Published

|

Last Updated

മക്ക/മദീന | പുണ്യ റമസാനിലെ അവസാന വെളിയാഴ്ച്ചയില്‍ ഇരുഹറമുകളും ജനസാഗരമായി.കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ നീണ്ട രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം റമസാനിലെ അവസാന വെള്ളിയാഴ്ച്ചയില്‍ ഹറമുകളില്‍ സംഗമിക്കാനുള്ള അവസരം ലഭിച്ചതോടെ ഈ വര്‍്ഷത്തെ അവസാന വെള്ളിയാഴ്ച്ച സ്വദേശികളെയും വിദേശികളെയും കൊണ്ട് നിറഞ്ഞു .

മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് പുലര്‍ച്ച മുതല്‍ തന്നെ ഉംറ തീര്‍ത്ഥാടകരും,ജുമുഅഃ നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനുമായി ചെറു സംഘങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. നേരത്തെ തന്നെ മസ്ജിദുല്‍ ഹറമും പരിസരങ്ങളും ,ഹറമിന് പുറത്തെ റോഡുകളും,ചെറിയ വഴികളെല്ലാം ജുമുഅഃ ബാങ്കിന് മുന്‍പേ നിസ്‌കാരത്തിനെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. ജുമുഅഃ ജമാഅത്ത് നിസ്‌കാരങ്ങളില്‍ നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കിയതിനാല്‍ വളരെ ആവേശത്തോടെയാണ് വിശ്വാസികള്‍ ഹറമുകളില്‍ എത്തിച്ചേര്‍ന്നത്.തിരക്ക് മുന്‍കൂട്ടി കൂട്ടി കണ്ട് ഈ വര്‍ഷം പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളായിരുന്നു ഹറമില്‍ ഉണ്ടായിരുന്നത്. തിരക്ക് വര്‍ദ്ധിച്ചതോടെ ഇരുഹറമുകള്‍ക്കും പരിസരങ്ങളിലുള്ള പള്ളികളില്‍ വെച്ച് ജുമുഅഃ നിസ്‌കരിക്കാന്‍ സുരക്ഷാ വകുപ്പ് മൊബൈല്‍ വഴി എസ്എംഎസ് സന്ദേശങ്ങള്‍ നല്‍കിയിരുന്നു

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടന്ന ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അവാദ് അല്‍-ജുഹാനിയും പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് അബ്ദുല്ല ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍-ബുഐജാനും നേതൃത്വം നല്‍കി.അല്ലാഹുവിന്റെ ഔദാര്യത്തിന്റെ വിശാലതയില്‍ സന്തോഷിക്കുവാനും ,അവസാന നാളുകളില്‍ കാരുണ്യത്തിന്റെ വാതിലുകള്‍ തുറന്നിരിക്കുന്നതിനാല്‍ പുണ്യ മാസത്തിലെ അവസാന ദിനങ്ങളില്‍ കൂടുതല്‍ ഇബാദത്ത് വര്‍ദ്ധിപ്പിക്കുവാനും, ശിഷ്ടകാല ജീവിതത്തില്‍ ഇനിയൊരു റമദാന്‍ വരുമോ എന്ന ഭയത്തോടെ പശ്ചാത്തപിച്ച് സൃഷ്ടാവിലേക്ക് മടങ്ങാനും,റമദാന്‍ മാസത്തിന്റെ അവസാനത്തില്‍ നിര്‍ബന്ധിത സകാത്തുല്‍ ഫിത്തര്‍ നല്‍കണമെന്നും,ഈദിന്റെ രാത്രിയില്‍ വിശ്വാസിക്ക് തക്ബീര്‍ വര്‍ദ്ധിപ്പിക്കല്‍ കൂടുതല്‍ സുന്നത്താണെന്നും ഇമാമുമാര്‍ ഖുതുബയില്‍ വിശ്വാസികളോട് ഉണര്‍ത്തി ,

വാരാന്ത്യ അവധിയോടപ്പം ചെറിയപെരുന്നാള്‍ -സ്‌കൂള്‍ അവധിയും കൂടി ലഭിച്ചതോടെ പുണ്യ മാസത്തിലെ അവസാന നാളുകള്‍ ചിലവഴിക്കുന്നതിനായി സഊദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളും കടുംബസമേതമാണ് ഇരുഹറമുകളിലും എത്തിച്ചേര്‍ന്നിരിക്കുന്നത് .മസ്ജിദുല്‍ ഹറമിലെ കനത്ത തിരക്ക് കണക്കിലെടുത്ത് പ്രവേശന കവാടങ്ങളില്‍ നാനൂറ് സ്പെഷ്യല്‍ ജീവനക്കാരെ നിയമിച്ചിരുന്നു.ജിദ്ദ -മക്ക,മക്ക -മദീന റോഡുകളിലെ തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷായാണ് ഒരുക്കിയിരുന്നത്,
തിരക്ക് ഒഴിവാക്കുന്നതിനായി മക്കയുടെ പ്രവേശന കവാടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു .ഉംറ തീര്‍ത്ഥാടകരുടെ ബസ്സുകളും, മക്ക ടാക്സികളും മാത്രമായിരുന്നു കടത്തി വിട്ടിരുന്നത്, മറ്റ് വാഹങ്ങളില്‍ വന്നവര്‍ക്ക് പ്രവേശന കവാടങ്ങളില്‍ നിന്ന് ഹറമിലേക്ക് പ്രത്യേക ബസുകളും സര്‍വ്വീസ് നടത്തിയിരുന്നു. മത്വാഫിലേക്ക് ഇഹ്‌റാമിലുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായിന്നു പ്രവേശനം നല്‍കിയിരുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി മസ്ജിദുല്‍ ഹറമിന്റെ ഒന്നാം നിലയിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. പ്രവേശനം സുഗമമാക്കുന്നതിനായി മസ്ജിദുന്നബവിയുടെ 100 വാതിലുകള്‍ വിശ്വാസികള്‍ക്ക് തുറന്ന് നല്‍കിയിരുന്നു

ഈ വര്‍ഷവും ആരോഗ്യ സുരക്ഷയുടെ ഭാഗമായി കഅബാലയത്തിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും , ഉംറ തീര്‍ത്ഥാടകര്‍ക്ക് കഅ്ബയെയോ ഹജറുല്‍ അസ്വദിനെയോ റുക്നുല്‍ യമാനിയെയോ തൊടുന്നതിനും ചുംബിക്കുന്നത്തിനും അനുമതിയില്ലെന്നും , കൊവിഡ് പൂര്‍ണ്ണമായും നീങ്ങിയാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കുകയോള്ളൂവെന്നും ഹറം കാര്യാലയം പറഞ്ഞു. അതേസമയം റൗദാ സന്ദര്‍ശകരുടെയും നമസ്‌കരിക്കാനെത്തുന്നവരുടെയും സുരക്ഷ കണക്കിലെടുത്ത് പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ റൗളാ ശരീഫിലേക്ക് റമദാന്‍ 27 മുതല്‍ ശവ്വാല്‍ രണ്ട് വരെയുള്ള ദിവസങ്ങളിലെ സന്ദര്‍ശന അനുമതി താത്കാലികമായി നിര്‍ത്തിവെച്ചു .നിലവില്‍ വലിയ തിരക്കാണ് മസ്ജിദുന്നബവിയില്‍ അനുഭവപ്പെടുന്നത്.

 

Latest