Connect with us

First Gear

ഒടുക്കത്തെ ഡിമാൻഡ്‌; ജപ്പാനിൽ ജിംനി ബുക്കിങ്‌ നിർത്തിവച്ചു

ഇന്ത്യൻ വിപണിയിൽ കാലുറപ്പിക്കാൻ ജിംനിക്ക്‌ കൂടുതൽ സയമം വേണ്ടിവന്നെങ്കിൽ ജപ്പാനിൽ ചുരുങ്ങിയ സമയത്തിലാണ്‌ വാഹനം പ്രീതി നേടിയത്‌.

Published

|

Last Updated

ടോക്യോ| മാരുതി സുസുക്കിയുടെ എസ്‌യുവി ജിംനിക്ക്‌ ജപ്പാനിൽ വൻ ഡിമാൻഡ്‌. ആവശ്യക്കാരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ജപ്പാനിലെ ജിംനിയുടെ ബുക്കിങ്‌ താൽക്കാലികമായി നിർത്തിവച്ചു.

ഇന്ത്യയിൽ നിർമ്മിച്ച ജിംനി ഫൈവ്‌ ഡോർ പതിപ്പ് ജനുവരി 30 മുതലാണ്‌ ജപ്പാനിൽ വിൽപ്പന തുടങ്ങിയത്‌.ജിംനി നോമേഡ് എന്ന പേരിലാണ്‌ ജപ്പാനിൽ വിൽപ്പന. ഏപ്രിൽ മൂന്നുമുതൽ ഡെലിവറി നൽകും എന്ന്‌ വാഗ്‌ദാനം ചെയ്‌താണ്‌ ബുക്കിങ്‌ സ്വീകരിച്ചു തുടങ്ങിയത്‌. എന്നാൽ വെറും നാല് ദിവസത്തിനുള്ളിൽ 50,000 ഓർഡറുകൾ പിന്നിട്ടു.പിന്നെയും ആവശ്യക്കാർ എത്തിയതോടെയാണ്‌ ബുക്കിങ്‌ താൽക്കാലികമായി നിർത്തിവച്ചത്‌.

വാഹനം പൂർണമായും ഇന്ത്യയിൽ നിർമിച്ച്‌ ജപ്പാനിൽ ഇറക്കുമതി ചെയ്യുകയാണ്‌ ചെയ്യുന്നത്‌. ഇതുകാരണം വിതരണത്തിന്‌ സമയം കൂടുതൽ എടുക്കും. അതിനാൽ ഓഫ്‌ റോഡ്‌ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ കാത്തിരിക്കേണ്ടിവരും. ബുക്കിങ്ങിനൊപ്പം ജപ്പാനിലെ ജിംനിയുടെ പ്രമോഷൻ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്‌.

ജിംനിയുടെ 5-സ്പീഡ് മാനുവൽ വേരിയന്‍റ്‌ 2,651,000 യെൻ (14.88 ലക്ഷം രൂപ) പ്രാരംഭ വിലയിലാണ് ജപ്പാനിൽ വിൽക്കുന്നത്. അതേസമയം, AT ഉള്ള പതിപ്പിന് 2,750,000 യെൻ, (15.43 ലക്ഷം രൂപ) വിലവരും. ഇന്ത്യയിൽ വാഹനത്തിന്‍റെ എക്‌സ്‌ ഷോറൂം വില 12.74 ലക്ഷം രൂപ മുതലാണ്‌ ആരംഭിക്കുന്നത്‌. മഹീന്ദ്ര ഥാർ റോക്സ്, ഫോഴ്‌സ് ഗൂർഖ ഫൈവ്-ഡോർ തുടങ്ങിയ കാറുകളുടെ പ്രധാന എതിരാളികളിൽ ഒന്നാണിത്.ഇന്ത്യൻ വിപണിയിൽ കാലുറപ്പിക്കാൻ ജിംനിക്ക്‌ കൂടുതൽ സയമം വേണ്ടിവന്നെങ്കിൽ ജപ്പാനിൽ ചുരുങ്ങിയ സമയത്തിലാണ്‌ വാഹനം പ്രീതി നേടിയത്‌. ഇത്‌ കമ്പനിക്കും ആശ്വാസമാണ്‌.

ഇന്ത്യയിലെ മാരുതി സുസുക്കി ജിംനിയിൽ 1.5 ലിറ്റർ K15B നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഉള്ളത്. 103 hp പവറും 134.2 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് എഞ്ചിൻ രൂപകൽപ്പന. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ഇത് ലഭ്യമാണ്.മാനുവൽ വേരിയന്‍റ്‌ 16.94 കിലോമീറ്റർ മൈലേജ്‌ നൽകുമ്പോൾ ഓട്ടോമാറ്റിക് വേരിയന്‍റ്‌ 16.39 കിലോമീറ്റർ മൈലേജ് നൽകുന്നു.ഓഫ്-റോഡ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി, എസ്‌യുവിയിൽ ഓൾഗ്രിപ്പ് പ്രോ എന്നറിയപ്പെടുന്ന 4×4 സിസ്റ്റം സജ്ജീകരിച്ചിരിട്ടുണ്ട്‌.

സുരക്ഷയുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, റിയർവ്യൂ ക്യാമറ, സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ തുടങ്ങി നിരവധി സവിശേഷതകൾ മാരുതി സുസുക്കി ജിംനിയിൽ സജ്ജീകരിച്ചിരിക്കുന്നു.

Latest