Connect with us

Story

അവസാന ശബ്ദസന്ദേശങ്ങള്‍

എന്റെ ആശയങ്ങളെ ചിന്തകളെ ഇഷ്ടങ്ങളെ സ്വപ്നങ്ങളെ പ്രതീക്ഷകളെ ദുഃഖങ്ങളെ ആശങ്കകളെ സത്യങ്ങളെ മിഥ്യകളെ പറയാന്‍ ഞാന്‍ ഇനി എന്തു ചെയ്യും..?

Published

|

Last Updated

“അടുക്കാനാവാത്ത അകലങ്ങളിലേക്ക് നമുക്ക് പോകാം. അസ്വസ്ഥമാകുന്ന മനസ്സ് അവശേഷിപ്പിക്കാന്‍ കാരണമാകാതെ ഞാന്‍ പിന്‍നടക്കാം.വീണ്ടും എന്റെ അക്ഷരങ്ങള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും തണലില്ലാതെ വരണ്ട ഭൂമികയില്‍ വെന്തുരുകി മരിക്കാന്‍ ഞാന്‍ പിന്‍വാങ്ങുന്നു.’

അവള്‍ എഴുതിയിട്ട വാട്‌സ്ആപ്പ് സന്ദേശത്തിനറ്റത്ത് ഉടന്‍ തന്നെ നീല ടിക്ക് തെളിഞ്ഞു. മറുപടിക്കായി അവള്‍ കാത്തിരിക്കേണ്ടതില്ല എന്ന് പറയും പോലെ അയാളുടെ ഫോണ്‍ ഓഫ്‌ലൈന്‍ ആയി. മറുപടി അയക്കാത്തത് എന്തെങ്കിലും തിരക്കില്‍ പെട്ടിട്ടാണെങ്കിലോ..! എത്ര വാശി കാണിച്ചാലും എന്നില്‍ നിന്നും അങ്ങനെ അകന്നുപോകാന്‍ കഴിയുമോ അയാള്‍ക്ക്. അവള്‍ പിന്നെയും ചിന്തിക്കും.

അയാള്‍ ആ സന്ദേശം കണ്ടിരുന്നു. അവളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ ആധിക്യം പലപ്പോഴും പൊറുതിമുട്ടുന്ന പോലെ തോന്നിയിരുന്നു അയാള്‍ക്ക് ഈയിടെയായി. അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി ഇനി കൊടുക്കുന്നില്ല എന്ന മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു. യൗവനം പിന്നിട്ട രണ്ട് ഡിവോഴ്‌സികള്‍ തമ്മിലുള്ള പ്രണയത്തിന് പക്വത വേണമെന്ന് അയാളുടെ തോന്നല്‍ അവള്‍ അംഗീകരിച്ചില്ല. നിരന്തരമായി സംസാരത്തില്‍ ഏര്‍പ്പെടാനും സന്ദേശമയക്കാനും അവള്‍ ആഗ്രഹിച്ചിരുന്നു. മുന്‍പ് കിട്ടാത്ത പ്രണയത്തിന്റെ എല്ലാ വശങ്ങളും അനുഭവിച്ചറിയാന്‍.
അയാള്‍ സ്‌നേഹത്തിന്റെ കെട്ടിപ്പിണച്ചിലുകളിലേക്ക് എത്താന്‍ വേണ്ടി സമയം ഉണ്ടാക്കി വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നു മുന്‍പ് എന്നത് സത്യമാണ്. പ്രണയത്തിന്റെ ഒരു വരിഞ്ഞുമുറുക്കലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മാത്രമാണ് അത്രയും ഇനി ആവശ്യമില്ല എന്ന് അയാള്‍ തീരുമാനിച്ചത്.

ഭൂരിപക്ഷം പുരുഷന്മാരും അങ്ങനെയൊക്കെയാണെന്ന് എവിടെയൊക്കെയോ അവളും വായിച്ചിട്ടുണ്ട്. അയാളില്‍ നിന്ന് ഉപദേശങ്ങളുടെ പട്ടിക കൂടുകയും അസ്വസ്ഥതപ്പെടുത്തുന്ന രണ്ട് മനസ്സുകള്‍ സൃഷ്ടിക്കപ്പെടുന്നത് പതിവാക്കുകയും ചെയ്തു.പരസ്പരം കാണുന്ന അവസരങ്ങളില്‍ അവള്‍ ഇടയ്ക്കിടയ്ക്ക് ബന്ധം അവസാനിപ്പിച്ചു പോകുന്നത് പതിവായി. സന്ദേശങ്ങളില്‍ പിന്‍നടത്ത ഇമോജികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

അവസാനം അയച്ച സന്ദേശവും അയാളെ അലട്ടിയില്ല. നേരിട്ട് കാണുമ്പോള്‍ സംസാരിച്ചു തീരുമാനം എടുക്കുകയാകും ഉചിതം എന്ന് അയാള്‍ ഉറപ്പിച്ചു.ഒഴിവ് ദിനത്തിന്റെ ഒരു ഭാഗം അവള്‍ക്കായി മാറ്റിവെക്കാന്‍ അയാള്‍ കാറുമായി പുറത്തിറങ്ങി. അവള്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിന്റെ മുന്നില്‍ അടച്ചിട്ട വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നത് മറ്റു രണ്ട് കരങ്ങള്‍ ആയിരുന്നു.
“ആരാ?” നാൽപ്പതുകളില്‍ എത്തിനില്‍ക്കുന്ന അപരിചിതമായ ഒരു പെണ്‍ശബ്ദം.
“അളകയുടെ സുഹൃത്താണ്. ‘
“അകത്തേയ്ക്ക് വരൂ..’
“ഇന്നേ അറിഞ്ഞുള്ളൂ?’ അവള്‍ ചോദിച്ചു.
അവള്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് അയാള്‍ക്ക് മനസ്സിലായില്ല. ആകാംക്ഷയോടെ അവളെ നോക്കുക മാത്രം ചെയ്തു
“ഇവിടെയാണ് ഉള്ളത്…’ ഒരു മുറിയുടെ വാതില്‍ക്കല്‍ നിന്നുകൊണ്ട് അവള്‍ പറഞ്ഞു.
അയാള്‍ മുന്നോട്ട് ചെന്നു.വാതിലിലൂടെ നിവര്‍ന്നു കിടക്കുന്ന കാലു മാത്രം കാണാം. അയാള്‍ മുറിയുടെ ഉള്ളിലേക്ക് കടന്നു.

വിശ്വസിക്കാനാകാത്ത വിധം അയാള്‍ ഒരു പിന്‍കാല്‍ വെച്ചുപോയി.
” അളകാ…’ അയാള്‍ ഉറക്കെ വിളിച്ചു.”ഷിനൂ..’ അയാളെ വിളിക്കാന്‍ പുറപ്പെട്ടു തുറന്ന അവളുടെ വായ ഒരു ഭാഗത്തേക്ക് ചരിഞ്ഞു. കോടിയ ചുണ്ടുകള്‍ക്കിടയില്‍ നാവും ചെറുനാവും വിറങ്ങലിച്ചു നിന്നു.അളക്കാന്‍ ആവാത്ത ശബ്ദങ്ങള്‍ വിഹരിച്ചിരുന്ന അവളുടെ നാവ് ഏതോ സെക്കന്‍ഡില്‍ തണുത്തുറഞ്ഞിരിക്കുന്നു. അയാളെ കണ്ടപ്പോള്‍ അവളും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ശബ്ദങ്ങള്‍ വളയുന്ന ചുണ്ടുകളില്‍ തട്ടി വികൃതസ്വരങ്ങളായി അന്തരീക്ഷവായുവില്‍ പതിച്ചു.
അയാള്‍ക്ക് ഉറക്കെ കരയാന്‍ തോന്നി.

അലറി വിളിക്കാന്‍ തോന്നി.അവളുടെ അടുത്ത് ചെന്നിരുന്നു കൈയില്‍ പിടിച്ചു. മടിയിലേക്ക് എടുത്തുവെക്കാന്‍ ശ്രമിച്ച വലതുകൈ ഉതിര്‍ന്ന് താഴോട്ട് വീണു.മഞ്ഞില്‍ പുതഞ്ഞ് വിറങ്ങലിച്ചപോലെ ആ കൈ നീണ്ടുനിവര്‍ന്ന് തൂങ്ങിക്കിടന്നു.രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ശബ്ദവിന്യാസങ്ങളാലും അക്ഷരങ്ങളാലും ആകര്‍ഷിക്കപ്പെട്ട രണ്ട് മനസ്സുകളുടെ ഈ സമയത്തെ വേലിയേറ്റ വേലിയിറക്കങ്ങള്‍ മറ്റൊരാള്‍ക്ക് അളക്കാനാകില്ല.അന്ന് പരസ്പരം കെട്ടിപ്പിണഞ്ഞുപോയ ശബ്ദങ്ങളില്‍ ഒരു ശബ്ദമാണ് വെറും വികൃതസ്വരമായി മാറിയിരിക്കുന്നത്.
“ഇനി ഞാനെന്തു ചെയ്യും..?’ എന്റെ അക്ഷരങ്ങളെ പൊറുക്കിക്കൂട്ടാന്‍, സങ്കല്‍പ്പഭൂമികകളിലെ കഥകള്‍ എഴുതാന്‍ എന്തു ചെയ്യും?.. എന്റെ ആശയങ്ങളെ ചിന്തകളെ ഇഷ്ടങ്ങളെ സ്വപ്നങ്ങളെ പ്രതീക്ഷകളെ ദുഃഖങ്ങളെ ആശങ്കകളെ സത്യങ്ങളെ മിഥ്യകളെ പറയാന്‍ ഞാന്‍ ഇനി എന്തു ചെയ്യും..?

അവള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളില്‍ അയാള്‍ക്ക് ആ ചോദ്യങ്ങള്‍ കേള്‍ക്കും പോലെ തോന്നി.
“കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമായിരുന്നു. കോണിയില്‍ നിന്ന് വീഴുകയായിരുന്നു.’ ഇരുവരെയും നോക്കിനില്‍ക്കുന്ന അപരിചിത പറഞ്ഞു.
എന്തുചെയ്യണമെന്നറിയാതെ അയാള്‍ മുറിക്കു പുറത്തേക്കിറങ്ങി. ഫ്ലാറ്റിന്റെ വാതിലും കടന്ന് വെളിയിലേക്കിറങ്ങി. ഫോണെടുത്ത് അവളുടെ വാട്‌സ്ആപ്പ് ചതുരത്തിലേക്ക് നോക്കി. താന്‍ മറുപടി നല്‍കാത്ത ജനുവരി അഞ്ച് ഞായറാഴ്ചയിലെ അവസാന സന്ദേശത്തിന് താഴെ സമയം 2 : 56 pm…

Latest