Kerala
സമയം വൈകി: കൊച്ചിയില്‍ മാരകായുധങ്ങളുമായി ബസ് ജീവനക്കാരുടെ പരാക്രമം
ബസുകളുടെ ഗ്ലാസ്സുകള്‍ അടിച്ചുതകര്‍ത്തു

കൊച്ചി | ഇടപ്പള്ളിയില്‍ മാരകായുധങ്ങളുമായി ബസ് ജീവനക്കാര്‍ തമ്മില്‍ തല്ലി ബസുകൾ ആക്രമിച്ചു. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കമ്പിയും കത്തിയുമായി ഇരു ബസുകളിലെയും ജീവനക്കാര്‍ റോഡിലിറങ്ങി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.
ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. പറവൂരില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ബസുകള്‍ അടിച്ചുതകര്‍ത്ത സംഘം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആദ്യം പുളിക്കല്‍ എന്ന ബസിലെ ജീവനക്കാരെ കിസ്മത്ത് ബസിലെ ജീവനക്കാര്‍ ആക്രമിക്കുകകയായിരുന്നു. ബസിന്റെ പിറകിലെ ഗ്ലാസും മറ്റും ഇവര്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ കിസ്മത്ത് ബസിലെ ജീവനക്കാര്‍ ഇറങ്ങിവന്ന് പുളിക്കല്‍ ബസിന്റെ മറ്റു ചില്ലുകള്‍ കൂടി അടിച്ചുതകര്‍ത്തു.
സംഭവത്തില്‍ പുളിക്കല്‍ ബസിലെ ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. ബസ് കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.