Kerala
പരിപാടി തുടങ്ങാന്‍ വൈകി; പ്രതിഷേധിച്ച് മുന്‍മന്ത്രി ജി സുധാകരന്‍ വേദിയില്‍നിന്ന് ഇറങ്ങിപ്പോയി
ചാരുംമൂട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നറിയിച്ചാണ് അദ്ദേഹം ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയത്.
ആലപ്പുഴ | ആലപ്പുഴയില്‍ പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണത്തിനായി എത്തിയതായിരുന്നു സുധാകരന്‍.
പരിപാടി ശനിയാഴ്ച രാവിലെ 10നു തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. മന്ത്രി സജി ചെറിയാന്‍ സിപിഎം നേതാക്കളായ സിഎസ് സുജാത, ആര്‍ നാസര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.എന്നാല്‍ പത്തിന് തുടങ്ങേണ്ട പരിപാടി 11മണിയായിട്ടും തുടങ്ങാത്ത സാഹചര്യം വന്നതോടെയാണ് സുധാകരന്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയത്.
നിശ്ചയിച്ച സമയത്തിന് മുമ്പ് പരിപാടികള്‍ക്ക് ജി സുധാകരന്‍ എത്താറുണ്ട്.ശനിയാഴ്ചയും പത്ത് മണിയുടെ പരിപാടിക്ക് സുധാകരന്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍, സംഘാടകരേയോ പ്രവര്‍ത്തകരേയോ കണ്ടില്ല. അരമണിക്കൂറോളം അദ്ദേഹം വേദിയില്‍ തുടര്‍ന്നു. എന്നിട്ടും പരിപാടി തുടങ്ങാത്തതിനെ തുടര്‍ന്ന് ചാരുംമൂട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നറിയിച്ചാണ് അദ്ദേഹം ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയത്.
സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു. മന്ത്രി സജി ചെറിയാന് ഔദ്യോഗികമായ തിരക്കുകള്‍ ഉള്ളതിനാല്‍ പരിപാടിയില്‍ എത്താന്‍ കഴിയില്ലെന്നത് പിന്നീടാണ് സംഘാടകര്‍ അറിയിച്ചത്.