National
ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി
മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്
മുംബൈ | ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജനുവരി എട്ടിനാണ് അവരെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉച്ചയ്ക്ക് 1.10ഓടെ ലതയുടെ മൃതദേഹം പ്രഭുകുഞ്ചിലെ വീട്ടിലെത്തിച്ചു. ഇവിടെ നിരവധി പേർ അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചിന് മുംബൈയിലെത്തി അന്തിമോപചാരം അർപ്പിക്കും. സംസ്കാരം ഇന്ന് വൈകിട്ട് 6.30ന് ശിവാജി പാർക്ക് ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മലയാളത്തിൽ ഒരു ഗാനവും പാടി. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.
1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലതയുടെ ജനനം. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍.
സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികോളോടെ ശിവാജി പാര്‍ക്കില്‍ 6.30നാണ് സംസ്‌കാരം