Uae
ലത്തീഫ ആശുപത്രിക്ക് ലോകാരോഗ്യ സംഘടന, യുണിസെഫ് അംഗീകാരം
മാതൃ-നവജാത ശിശു ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന സംയോജിത മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുമുള്ള ആശുപത്രിയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്.

ദുബൈ| ലത്തീഫ ആശുപത്രിക്ക് ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും അംഗീകാരം ലഭിച്ചു. മാതാവിനും കുഞ്ഞിനും അനുയോജ്യമായ ആശുപത്രി എന്ന നിലയിൽ മാതൃ-ശിശു സൗഹൃദ ആശുപത്രിയായാണ് അംഗീകാരം. മാതൃ-നവജാത ശിശു ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന സംയോജിത മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുമുള്ള ആശുപത്രിയുടെ നിരന്തരമായ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്.
അമ്മമാർക്ക് സുരക്ഷിതവും മികച്ചതുമായ പ്രസവ സേവനങ്ങൾ നൽകൽ, കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പിന്തുണയുള്ള മുലയൂട്ടൽ അന്തരീക്ഷം എന്നിവ ഉൾപ്പെടെ രണ്ട് സംഘടനകളും നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൽ ആശുപത്രി വിജയിച്ചു. ബോധവത്കരണ പരിപാടികളിലൂടെയും പ്രത്യേക ആരോഗ്യ സേവനങ്ങളിലൂടെയും ദുബൈ ഹെൽത്ത്‌കെയർ സിറ്റി നൽകുന്ന ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരത്തിന് നൽകുന്ന ആഗോള തെളിവാണിതെന്ന് ദുബൈ ഹെൽത്ത്‌കെയർ സിറ്റി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മുന തഹ്്ലക് പറഞ്ഞു.
അമ്മമാർക്കും കുട്ടികൾക്കും സമഗ്രമായ ആനുകാലിക പരിശോധനകൾ, മാനസിക പിന്തുണ, ആരോഗ്യകരമായ പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം എന്നിവ ഉൾപ്പെടുന്ന സംയോജിത ആരോഗ്യ പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ പ്രസവ പരിചരണം, സുരക്ഷിതവും സുഖകരവുമായ അനുഭവമാക്കുന്ന ആധുനിക പ്രസവ യൂണിറ്റുകൾ ഉൾപ്പെടെയുള്ള പ്രസവ സേവനങ്ങൾ ആശുപത്രി ഒരുക്കിയിട്ടുണ്ട്.