National
ലാവലിന്‍ കേസ്: പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ച് സുപ്രീം കോടതി
കേസ് പരിഗണിക്കുമ്പോള്‍ സി ബി ഐ സീനിയര്‍ അഭിഭാഷകന്‍ ഇല്ലായിരുന്നു.
ന്യൂഡല്‍ഹി | എസ് എന്‍ സി ലാവലിന്‍ കേസ് വീണ്ടും മാറ്റി സുപ്രീം കോടതി. കേസ് പരിഗണിക്കുമ്പോള്‍ സി ബി ഐ സീനിയര്‍ അഭിഭാഷകന്‍ ഇല്ലായിരുന്നു. അല്‍പ്പസമയത്തിനകം പരിഗണിക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഹരജികള്‍ മാറ്റുകയായിരുന്നു.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബഞ്ച് മുമ്പാകെയായിരുന്നു കേസ് എത്തിയത്. 2017-ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹരജി.
കഴിഞ്ഞ സെപതംബറിലും കേസ് പരിഗണനക്ക് എത്തിയെങ്കിലും സി ബി ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ മാറ്റുകയായിരുന്നു.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സി ബി ഐ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് ഉത്തരവിട്ട മൂന്ന് പ്രതികളുടെ ഹരജിയുമാണ് സുപ്രീം കോടതി മുമ്പാകെയുള്ളത്.