Kerala
വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാന്‍ നിയമ ഭേദഗതി ആലോചനയില്‍:മന്ത്രി എ കെ ശശീന്ദ്രന്‍
തൃശ്ശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കി.മീ അധികം ദൂരത്തില്‍ ഹാംഗിംഗ് ഫെന്‍സിങ് സ്ഥാപിക്കാന്‍ അനുവാദം നല്‍കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു
തൃശൂര്‍ | വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമാകുന്നത് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ .വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വന്യജീവി ആക്രമണം തടയാന്‍ വേണ്ട നടപടികള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ നിറവേറ്റും. മനുഷ്യ – വന്യജീവി സംരക്ഷണം ഒരേപോലെ ഫലപ്രദമായി നടപ്പിലാക്കും. തൃശ്ശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കി.മീ അധികം ദൂരത്തില്‍ ഹാംഗിംഗ് ഫെന്‍സിങ് സ്ഥാപിക്കാന്‍ അനുവാദം നല്‍കിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പശ്ചിമ ഘട്ടത്തിന്റെ മുഴുവന്‍ ടൂറിസം സാധ്യതകളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. തൃശ്ശൂര്‍ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.അതിരപ്പള്ളി വാഴച്ചാല്‍ മേഖലകളിലെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാര്‍ക്കിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് വനം വകുപ്പ് തയ്യാറാക്കിക്കഴിഞ്ഞു.വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലെത്തിക്കുകയെന്ന ആശയവുമായി തൃശൂര്‍ നഗരത്തില്‍ ഫോറസ്റ്റ് കോംപ്ലക്‌സ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യ മൃഗങ്ങളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാന്‍ വിവിധ നിയമ-ചട്ട ഭേദഗതികള്‍ നടത്തേണ്ടതുണ്ട്. ഇതിനായി എംപിമാരുടെ സഹകരണം കൂടി ഉറപ്പാക്കിക്കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ചുള്ള ഭേദഗതി തയാറാക്കി കാബിനറ്റില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച സാഹചര്യത്തില്‍ ഈ മാസം ആറിന് ഇക്കാര്യത്തില്‍ വിപുലമായ ചര്‍ച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂര്‍ ആറളത്ത് ആനകളുടെ അക്രമണം തടയുന്നതിനുതകുന്ന വിധത്തില്‍ 50 കോടി രൂപ മുടക്കി ആനമതില്‍ പണിയുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രകൃതിയോട് ഇണങ്ങി മൃഗങ്ങള്‍ അധിവസിക്കുന്നതിനെ പുനരാവിഷ്‌കരിക്കുന്ന ലോകത്തിലെ അത്ഭുതമായി പുത്തൂര്‍ മാറുകയാണെന്ന് ന്ത്രി കെ രാജന്‍ പറഞ്ഞു. വനം വകുപ്പ് വനത്തിലേക്ക് വിടാന്‍ കഴിയാതെ പരിപാലിക്കുന്ന മൃഗങ്ങളെ അടക്കം ഇനി പുത്തൂരിലേക്ക് എത്തിക്കുമെന്നും പുത്തൂര്‍ ഒരു ലോകോത്തര ടൂറിസ്റ്റ് വില്ലേജായി മാറുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
വൈദ്യുതി ഉല്‍പാദനത്തില്‍ സംസ്ഥാനത്തിന് ഇനിയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ സബ്‌സ്റ്റേഷന്റെ ഉദ്ഘാടനത്തിനും സ്വിച്ചോണ്‍ കര്‍മ്മത്തിനും ശേഷം ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.