Connect with us

Articles

നിയമപാലകര്‍ ജീവന്റെയും കാവല്‍ക്കാരാകണം

നേരിയ പ്രകോപനം പോലും ഇല്ലാത്ത സ്ഥലത്തുള്ള പോലീസിന്റെ ഇടപെടല്‍ മനുഷ്യജീവന്‍ ഹനിക്കപ്പെടാന്‍ കാരണമായിത്തീര്‍ന്നാല്‍ അവിടെ ഒരു ന്യായീകരണത്തിനും സ്ഥാനമുണ്ടാകില്ല. ആ ഇടപെടല്‍ ഏതെങ്കിലുമൊരു നിയമലംഘനത്തിന്റെ പേരിലാണെങ്കില്‍ പോലും പോലീസിന്റെ നടപടികളെ പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ല. കാരണം അത്തരം സന്ദര്‍ഭങ്ങളില്‍ നിയമം നടപ്പാക്കുക എന്നതിനേക്കാള്‍ പ്രധാനം ജീവന്‍ സംരക്ഷിക്കുന്നതിനാണ്.

Published

|

Last Updated

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നത് നിയമപാലനത്തിലെ പ്രധാനപ്പെട്ട രണ്ട് ഉത്തരവാദിത്വങ്ങളാണ്. നിയമം നടപ്പാക്കുമ്പോള്‍ അത് കാരണം ഒരു ജീവന്‍ പോലും പൊലിയാതിരിക്കാനുള്ള സൂക്ഷ്മതയും ജാഗ്രതയും ഓരോ പോലീസുകാരനും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പോലീസിന് സവിശേഷ അധികാരങ്ങള്‍ നല്‍കാറുണ്ട്. കലാപബാധിത പ്രദേശങ്ങളില്‍ ക്രമസമാധാനം സംരക്ഷിക്കാന്‍ വെടിവെക്കാനുള്ള നിര്‍ദേശം വന്നാല്‍ പോലീസ് വെടിവെക്കും. അത്തരം സമയങ്ങളില്‍ ജീവഹാനി വരെ സംഭവിച്ചേക്കാം. അതിന്റെ പേരില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നാല്‍ പോലും ക്രമസമാധാനം സംരക്ഷിക്കാനായിരുന്നില്ലേ എന്ന പൊതുബോധത്തിന്റെ പിന്‍ബലം നിയമപാലനത്തിനുണ്ടാകും. എന്നാല്‍ നേരിയ പ്രകോപനം പോലും ഇല്ലാത്ത സ്ഥലത്തുള്ള പോലീസിന്റെ ഇടപെടല്‍ മനുഷ്യജീവന്‍ ഹനിക്കപ്പെടാന്‍ കാരണമായിത്തീര്‍ന്നാല്‍ അവിടെ ഒരു ന്യായീകരണത്തിനും സ്ഥാനമുണ്ടാകില്ല. ആ ഇടപെടല്‍ ഏതെങ്കിലുമൊരു നിയമലംഘനത്തിന്റെ പേരിലാണെങ്കില്‍ പോലും പോലീസിന്റെ നടപടികളെ പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ല. കാരണം അത്തരം സന്ദര്‍ഭങ്ങളില്‍ നിയമം നടപ്പാക്കുക എന്നതിനേക്കാള്‍ പ്രധാനം ജീവന്‍ സംരക്ഷിക്കുന്നതിനാണ്. ആ കടമ നിറവേറ്റാന്‍ പോലീസിന് സാധിക്കാതിരുന്നതിന്റെ പരിണത ഫലമാണ് കുമ്പളയില്‍ ഒരു പ്ലസ്ടു വിദ്യാര്‍ഥിയുടെ ദാരുണമായ അപകട മരണം.

അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫറാസ് ആണ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഫറാസ്. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി സ്‌കൂളിന് സമീപം എത്തിയ എസ് ഐയും സംഘവും ഒരു കാറില്‍ വിദ്യാര്‍ഥികള്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ അങ്ങോട്ട് ചെന്നതായിരുന്നു. ഇതോടെ കാര്‍ പിറകോട്ടെടുക്കുകയും കാറിന്റെ വാതില്‍ പോലീസ് ജീപ്പില്‍ തട്ടുകയും ചെയ്തു. തുടര്‍ന്ന് കാര്‍ ഓടിച്ചുപോകുകയായിരുന്നു. പോലീസിനെ ഭയന്നാണ് വിദ്യാര്‍ഥികള്‍ കാറില്‍ അവിടെ നിന്ന് പോയത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് കാര്‍ ഓടിക്കുന്നതെന്നതിനാല്‍ പോലീസ് അവരെ പിന്തുടരുകയായിരുന്നു. പോലീസ് പിടികൂടുമോയെന്ന ആശങ്കയും വെപ്രാളവും കാരണം വിദ്യാര്‍ഥികള്‍ കാര്‍ അതിവേഗത്തില്‍ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് മറിയുകയും ഫറാസ് ഉള്‍പ്പെടെ നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഫറാസിന്റെ നില അതീവ ഗുരുതരമായതോടെയാണ് മരണം സംഭവിച്ചത്. സംഭവം പോലീസിനെതിരെ കടുത്ത പ്രതിഷേധമുയരാന്‍ ഇടവരുത്തിയിരിക്കുകയാണ്. മരിച്ച വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഫറാസിന്റെ അപകട മരണത്തിന് ഉത്തരവാദികളായ എസ് ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. പോലീസുദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കരുതെന്നും കൊലക്കുറ്റത്തിന് കേസെടുക്കുന്നതടക്കം കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള ആവശ്യം പൊതുവികാരമായി മാറിക്കഴിഞ്ഞു. വിവിധ സംഘടനകള്‍ ഈ വിഷയത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. കുമ്പള സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ റാഗിംഗിന്റെ പേരിലും മറ്റും ഇടക്കിടെ പ്രശ്നങ്ങളും സംഘട്ടനങ്ങളും ഉണ്ടാകാറുണ്ടെന്നത് വസ്തുതയാണ്. സ്‌കൂളില്‍ സമാധാനാന്തരീക്ഷമുണ്ടാക്കാനുള്ള പോലീസ് ഇടപെടലും ആവശ്യം തന്നെയാണ്. എന്നാല്‍ ആ ഇടപെടല്‍ വിദ്യാര്‍ഥികളുടെ ജീവനും ജീവിതവും സംരക്ഷിക്കാന്‍ വേണ്ടിയാകണം. ഹനിക്കാന്‍ വേണ്ടിയാകരുത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് കുറ്റകരം തന്നെയാണെങ്കിലും പോലീസിനെ ഭയന്ന് സ്ഥലം വിടുന്ന വിദ്യാര്‍ഥികളെ പിന്തുടരേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. അതിന് മാത്രം ഗുരുതരമായ സ്ഥിതിവിശേഷം സ്‌കൂളിന് അകത്തോ പുറത്തോ ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടായിരുന്നാല്‍ പോലും കുട്ടികളാണ് എന്ന ബോധത്തോടെയുള്ള ആത്മസംയമനം പാലിക്കാന്‍ പോലീസിന് ഉത്തരവാദിത്വമുണ്ട്. ആ നിലക്കല്ല പോലീസ് പെരുമാറിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ നിയമലംഘനം നടത്തിയെന്നല്ലാതെ മറ്റൊരു കുറ്റകൃത്യവും ചെയ്തിരുന്നില്ല. എന്നിട്ടും കുറ്റവാളികളെ വേട്ടയാടുന്നത് പോലെ വിദ്യാര്‍ഥികളെ പോലീസ് പിന്തുടര്‍ന്നതാണ് ഒരു വിദ്യാര്‍ഥിക്ക് ജീവന്‍ തന്നെ നഷ്ടമാകാന്‍ കാരണം.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങളോടിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഇതുസംബന്ധിച്ച കേസുകളുടെ എണ്ണവും പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. കുട്ടികള്‍ക്ക് വാഹനങ്ങളോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കളാണ് യഥാര്‍ഥ കുറ്റവാളികള്‍. പ്രായപൂര്‍ത്തിയാകാതെയോ ലൈസന്‍സ് ഇല്ലാതെയോ വാഹനങ്ങള്‍ ഓടിക്കുന്നത് തെറ്റാണെന്ന ബോധം കുട്ടികള്‍ക്കുണ്ടാകില്ല. എന്നാല്‍ രക്ഷിതാക്കള്‍ക്കും ഇതേക്കുറിച്ച് ധാരണയില്ലാതെ വരുന്നത് സങ്കടകരം തന്നെയാണ്. ഫറാസ് എന്ന വിദ്യാര്‍ഥിയുടെ മരണത്തിന് പോലീസ് മാത്രമല്ല, രക്ഷിതാക്കളും ഉത്തരവാദികളാണ്.

ചെറിയ കുറ്റങ്ങളുടെ പേരില്‍ പോലും പോലീസ് ഭീകര കുറ്റവാളികളെ പോലെ ആളുകളെ ഓടിച്ച് അവരെ മരണത്തിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. പോലീസിനെ ഭയന്നോടി കിണറ്റില്‍ വീണ് മരിച്ചവരുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കാസര്‍കോട് ജില്ലയില്‍ തന്നെ എണ്ണപ്പാറ എന്ന സ്ഥലത്ത് പോലീസ് ഓടിച്ചതിനെ തുടര്‍ന്ന് വിഷ്ണു എന്ന യുവാവ് കിണറ്റില്‍ വീണ് ദാരുണമായി മരണപ്പെട്ടിരുന്നു. രാത്രി 12 മണിയോടെ ഈ പ്രദേശത്ത് ഒരു ക്ലബിന്റെ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിയിരുന്നു. ഇതിനിടയില്‍ ചൂതാട്ടം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ പോലീസ് അവിടെ കൂടിനിന്നവരെ ഓടിക്കുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നതോടെ ഭയന്നോടിയപ്പോഴാണ് വിഷ്ണു കിണറ്റില്‍ വീണ് മരിച്ചത്. സമാന സംഭവങ്ങള്‍ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ടായിരുന്നു.

വാഹനത്തില്‍ പോകുന്നവരെ നിസ്സാര കാരണങ്ങള്‍ക്ക് പോലും വേട്ടയാടുന്ന രീതി ചില പോലീസുകാര്‍ക്കുണ്ട്. ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന ആളെ ചെറിയ ഒരു നിയമലംഘനത്തിന്റെ പേര് പറഞ്ഞ് പോലീസുകാരന്‍ ഹെല്‍മറ്റ് പിടിച്ചുവാങ്ങി തലക്കടിച്ച സംഭവമുണ്ടായത് സമീപകാലത്താണ്. തലക്ക് ഗുരുതരമായി പരുക്കേറ്റ ആള്‍ പിന്നീട് മരണപ്പെടുകയും ചെയ്തു.

നിയമപാലനത്തിന് വേണ്ടി ആളുകളെ തന്നെ അടിച്ചുകൊല്ലുകയോ മരണത്തിന് മറ്റേതെങ്കിലും രീതിയില്‍ കാരണക്കാരാകുകയോ ചെയ്യുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ മാത്രം പോരാ. അവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികളും ആവശ്യമാണ്. വിദ്യാര്‍ഥികളുടെ മാത്രമല്ല ആരുടെയും മരണത്തിന് നിയമപാലനം കാരണമാകരുത്. അത് ജീവന് കാവലാകുകയാണ് വേണ്ടത്.