Kerala
നിയമം നിയമത്തിന്റെ വഴിക്ക്; കോൺഗ്രസ് നേതാക്കളടക്കം സിപിഎമ്മിലേക്ക് വരും: രാജു ഏബ്രഹാം
കേസിൽ ഉൾപ്പെട്ട ചിലരെ നാടുകടത്തിയ ഉത്തരവ് ഇറങ്ങിയതോടെ പ്രതികൾക്ക് സർക്കാർ സഹായമോ സംരക്ഷണമോ ഇല്ലായെന്ന് വ്യക്തമായിരിക്കുകയാണ്.

പത്തനംതിട്ട | സിപിഎമ്മിലേക്ക് കോൺഗ്രസ് നേതാക്കളടക്കം വരുന്നതിൽ വിറളിപൂണ്ടാണ് കാപ്പാ കേസ് ചുമത്തി പുറത്താക്കിയ നടപടി വിവാദമാക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.
കാപ്പ കേസിൽ ഉൾപ്പെട്ടവരടക്കം സിപി എമ്മിലേക്ക് വരുന്നത് ക്രിമിനൽ കേസുകളിൽ നിന്നും രക്ഷപെടാനാണെന്ന് ആരോപിച്ച് ജനങ്ങളെ കബളിപ്പിച്ച ഡിസിസി പ്രസിഡന്റും വിവാദം ഉണ്ടാക്കിയവരും പരസ്യമായി മാപ്പ് പറയണം.കേസിൽ ഉൾപ്പെട്ട ചിലരെ നാടുകടത്തിയ ഉത്തരവ് ഇറങ്ങിയതോടെ പ്രതികൾക്ക് സർക്കാർ സഹായമോ സംരക്ഷണമോ ഇല്ലായെന്ന് വ്യക്തമായിരിക്കുകയാണ്. രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവരെ രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തി ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്.
സിപിഎം പ്രതികളെ രക്ഷിക്കുന്നു എന്ന കള്ള വാർത്തയും പൊളിഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകും.ലക്ഷകണക്കിന് ആളുകളാണ് രാജ്യത്ത് പ്രതിവർഷം രാഷ്ട്രീയ കേസുകളിൽ ഉൾപെടുന്നത്. ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ സിപിഐ എമ്മിലേക്ക് വരുന്നതിൽ കോൺഗ്രസ് നേതാക്കളടക്കം വിരണ്ട് നിൽക്കുകയാണ്. കേരളത്തിന്റെ വികസനമുന്നേറ്റം അതിശയിപ്പിക്കുന്നു എന്നാണ് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞത്.
കോൺഗ്രസ്സ് നേതാക്കളടക്കം പലരും ജില്ലയിൽ സിപിഎമ്മിനൊപ്പം ചേരാൻ തയ്യാറായി നിൽക്കുകയാണെന്നും രാജു ഏബ്രഹാം പറഞ്ഞു. കൊടുംഭീകരനായ മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തപ്പോൾ മുറിക്ക് കാവൽ നിന്ന കെപിസിസി നേതാവ് നയിക്കുന്ന കോൺഗ്രസ്സ് വ്യാജ വാർത്തകളുടെ ഉൽപ്പാദകരായി മാറുന്നതിൽ അത്ഭുതമില്ല. ഇത്തരക്കാരെ ജനം അകറ്റി നിർത്തുക തന്നെ ചെയ്യുമെന്നും രാജു ഏബ്രഹാം പറഞ്ഞു