Connect with us

From the print

കലോത്സവം: അപ്പീൽ കുറയ്ക്കാൻ നിയമം വരും

വിഷയത്തിന്റെ മെറിറ്റ് നോക്കാതെ, ആര് ഒരു പരാതി കൊണ്ടുചെന്നാലും ഉത്തരവിടുന്ന സ്ഥിതിയാണുള്ളത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അർധ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ അപ്പീൽ ഉത്തരവുകൾ തടയാൻ നിയമനിർമാണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കടലാസ് മാത്രം നോക്കി അപ്പീൽ ഹരജികളിൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സ്‌കൂൾ കലോത്സവത്തോട് അനുബന്ധിച്ച് സിറാജ് ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കലോത്സവത്തിൽ അപ്പീലുകളുടെ എണ്ണം പൊതുവെ കുറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളുടെ ബോധത്തിൽ വലിയ മാറ്റം വന്നതാണ് ഇതിന് കാരണം. എങ്കിലും കോടതികൾ വഴി ധാരാളം അപ്പീലുകൾ ഇപ്പോഴും വരുന്നുണ്ട്. ഹൈക്കോടതി ഒരു പരാതി കേട്ട ശേഷം വിധി പറയുന്നത് അനുസരിക്കാം. എന്നാൽ, ഹൈക്കോടതിക്ക് താഴെയുള്ള അർധ ജുഡീഷ്യൽ സ്ഥാപനങ്ങളും ഇത്തരത്തിൽ അപ്പീൽ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയാണ്. വിഷയത്തിന്റെ മെറിറ്റ് നോക്കാതെ, ആര് ഒരു പരാതി കൊണ്ടുചെന്നാലും ഉത്തരവിടുന്ന സ്ഥിതിയാണുള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെയോ വിധികർത്താക്കളുടെയോ അഭിപ്രായം പോലും കേൾക്കാതെ ഏകപക്ഷീയമായാണ് ഇത്തരം സ്ഥാപനങ്ങൾ അപ്പീലിൽ തീർപ്പ് കൽപ്പിക്കുന്നത്. ഇത് നിയന്ത്രിക്കാൻ നിയമനിർമാണം വേണം. അത് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത കലോത്സവത്തിന് മുമ്പായി നിയമനിർമാണം ഉണ്ടാകുമോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും നിയമ നിർമാണം നടത്തുമ്പോൾ മാന്വൽ പരിഷ്‌കരണം ഉൾപ്പെടെ വേണ്ടിവരുമെന്നും ശിവൻകുട്ടി പറഞ്ഞു.

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന കുട്ടികൾക്ക് നൽകുന്ന ഒറ്റത്തവണ സാംസ്‌കാരികം സ്‌കോളർഷിപ്പ് തുക ആയിരം രൂപയിൽ നിന്ന് അടുത്ത വർഷം 1,500 രൂപയായി ഉയർത്തുന്നത് പരിഗണിക്കും. ഇക്കാര്യത്തിൽ ധനവകുപ്പിന്റെ അനുമതി ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest