Connect with us

Editorial

നിയമലംഘകര്‍ നിയമ നിര്‍മാതാക്കളാകരുത്

ജനാധിപത്യത്തിനും മതേതരത്വത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ നിയമനിര്‍മാണ സഭകളിലെത്തുന്ന സ്ഥിതിവിശേഷം. ഇതിന് തടയിടേണ്ടത് അനിവാര്യമാണ്. പക്ഷേ, പൂച്ചക്കാര് മണികെട്ടും?

Published

|

Last Updated

ക്രിമിനലുകളായ ജനപ്രതിനിധികളെ ശിക്ഷിക്കുന്നതിലും അയോഗ്യരാക്കുന്നതിലും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ എന്നും വിയോജിപ്പാണ് പ്രകടിപ്പിക്കാറുള്ളത്. പാര്‍ലിമെന്റിലും നിയമസഭകളിലും ഒരു വിഭാഗം ക്രിമിനലുകളാകുമ്പോള്‍ മറിച്ചൊരു നിലപാട് പ്രതീക്ഷിക്കാവുന്നതുമല്ല. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയിലും കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യത്യസ്തമല്ല. ആജീവനാന്ത വിലക്ക് കഠിനമാണെന്നും നിലവിലുള്ള ആറ് വര്‍ഷ അയോഗ്യത മതിയെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. അയോഗ്യതാ കാലയളവ് തീരുമാനിക്കുന്നത് പാര്‍ലിമെന്റിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ പാര്‍ലിമെന്റ് യുക്തിസഹമായ തീരുമാനങ്ങളെടുക്കാറുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതുള്‍പ്പെടെ ജനങ്ങളുടെ സ്വസ്ഥജീവിതം ഉറപ്പ് വരുത്താന്‍ ബാധ്യതപ്പെട്ടവരാണ് എം പിമാരും എം എല്‍ എമാരും. കുറ്റകൃത്യങ്ങളില്‍ നിന്നകന്ന് സംശുദ്ധ ജീവിതം നയിക്കുന്ന ജനപ്രതിനിധികള്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ കാര്യക്ഷമവും ഉറച്ചതുമായ നിലപാട് സ്വീകരിക്കാനാകുകയുള്ളൂ. നിയമ ലംഘകര്‍ നിയമ നിര്‍മാതാക്കളാകുമ്പോള്‍ എങ്ങനെയാണ സദ്ഭരണം പ്രതീക്ഷിക്കാനാകുക? രാഷ്ട്രീയ രംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ കരുതല്‍ വേണമെന്നും രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ എത്തിപ്പെടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും സുപ്രീം കോടതി പലപ്പോഴും ആവശ്യപ്പെട്ടതാണ്. ശിക്ഷിക്കപ്പെട്ടവരെ മാത്രമല്ല, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്നവരെയും പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുന്നതിനും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനും നിയമ നിര്‍മാണം നടത്തണമെന്ന് 2018ല്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, റോഹിംഗ്ടന്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബഞ്ച് ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികളുടെ കാര്യത്തില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതികളുണ്ട്. സര്‍ക്കാറും തിര. കമ്മീഷനുമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.

നിലവില്‍ ജനപ്രാതിനിധ്യ നിയമ(1951)ത്തിലെ എട്ട്, ഒമ്പത് വകുപ്പുകളനുസരിച്ച് കുറഞ്ഞ കാലയളവിലേക്ക് മാത്രമാണ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും അയോഗ്യത കല്‍പ്പിക്കപ്പെടുന്നത്. എട്ടാം വകുപ്പനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തീയതി മുതല്‍ ആറ് വര്‍ഷമോ, തടവുശിക്ഷ ലഭിച്ചാല്‍ ജയില്‍ മോചിതമായ തീയതി മുതല്‍ ആറ് വര്‍ഷമോ ആണ് അയോഗ്യത. വകുപ്പ് ഒമ്പത് പ്രകാരം അഴിമതിയോ സംസ്ഥാനത്തോടുള്ള വിശ്വാസവഞ്ചനയോ കാരണം പിരിച്ചുവിടപ്പെട്ട ജനപ്രതിനിധികള്‍ക്ക് ശിക്ഷക്ക് വിധേയമായ കാലാവധി മുതല്‍ അഞ്ച് വര്‍ഷമാണ് അയോഗ്യത. ഇക്കാലയളവ് കഴിഞ്ഞാല്‍ പിന്നെയും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലിമെന്റിലും നിയമസഭയിലും കയറിപ്പറ്റാവുന്നതാണ്. ശിക്ഷയിലെ ഈ മൃദുത്വം കാരണമാണ് രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നത്. ആജീവനാന്തം അയോഗ്യത കല്‍പ്പിക്കുന്നത് കഠിനമാണെന്നു പറയുന്ന സര്‍ക്കാര്‍ രാഷ്ട്രീയ ക്രിമിനലുകള്‍ ചെയ്യുന്ന കുറ്റത്തിന്റെ ഗൗരവവും കാഠിന്യവും കണ്ടില്ലെന്നു നടിക്കരുത്.

പതിനെട്ടാം ലോക്സഭയില്‍ എത്തിയ എം പിമാരില്‍ 251 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇവരില്‍ തന്നെ 170 പേരുടെ പേരില്‍ കൊലപാതകം, കൊലപാതക ശ്രമം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഗൗരവതരമായ കുറ്റകൃത്യങ്ങളാണ് ചുമത്തപ്പെട്ടത്. ബി ജെ പി. എം പിമാരില്‍ 39 ശതമാനം പേര്‍ക്കും കോണ്‍ഗ്രസ്സ് എം പിമാരില്‍ 49 ശതമാനം പേര്‍ക്കും സമാജ് വാദി പാര്‍ട്ടി എം പിമാരില്‍ 45 ശതമാനം പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളുണ്ട്. പതിനേഴാം ലോക്സഭയില്‍ 159 ആയിരുന്നു ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം. 2009 മുതല്‍ കണക്കെടുക്കുമ്പോള്‍ 15 വര്‍ഷത്തിനുള്ളില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളുള്ള എം പിമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന 124 ശതമാനമാണ്.

സംശുദ്ധ രാഷ്ട്രീയവും ഭരണവുമാണ് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ജനോപകാരപ്രദവും നാടിന് ഗുണകരവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനവിശ്വാസമാര്‍ജിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകാത്ത സാഹചര്യത്തില്‍, മസില്‍ പവറും കള്ളപ്പണവുമാണ് ജയിച്ചു കയറാനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്തുന്നത്. ഈ ലക്ഷ്യത്തില്‍ രാഷ്ട്രീയ എതിരാളികളുടെ ഉന്മൂലനത്തിന് പോലും മടിക്കുന്നില്ല. കേരളത്തില്‍ ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടാനിടയായ സാഹചര്യം വ്യക്തമാണ്. ബൂത്ത് പിടിത്തവും വിദ്വേഷ പ്രസംഗത്തിലൂടെ വര്‍ഗീയ വികാരം ഇളക്കിവിടലും പതിവു സംഭവങ്ങള്‍. ഗുണ്ടാസംഘങ്ങളും മാരകമായ ബോംബ് സംസ്‌കാരവും ആയുധ ശേഖരവും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെ പ്രതിജ്ഞാബദ്ധമായതിനാല്‍ ക്രമിനലുകള്‍ക്ക് ആരെയും ഭയക്കേണ്ടതുമില്ല. കടുത്ത ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പോലും രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നതിന്റെ പശ്ചാത്തലമിതാണ്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണത്തിന് ഉത്തരവാദികള്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളാണെന്ന് നിയമ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയം. ജനാധിപത്യത്തിനും മതേതരത്വത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ നിയമനിര്‍മാണ സഭകളിലെത്തുന്ന സ്ഥിതിവിശേഷം. ഇതിന് തടയിടേണ്ടത് അനിവാര്യമാണ്. പക്ഷേ, പൂച്ചക്കാര് മണികെട്ടും?