Kerala
അഭിഭാഷകന്റെ മരണം; ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍
കഴിഞ്ഞ ശനിയാഴ്ചയാണ് ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊച്ചി | ഹൈക്കോടതി അഭിഭാഷകന്‍ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍വെച്ച് മനുവിനെ ദേഹോപദ്രവമേല്‍പ്പിച്ചു. മാപ്പുപറയുന്ന വീഡിയോ ചിത്രീകരിക്കുകയും ഇത് പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റത്തിനാണ് ജോണ്‍സണ്‍ ജോയിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോണ്‍സണ്‍ ചിത്രീകരിച്ചത് കഴിഞ്ഞ നവംബറിലെന്നും പോലീസ് വെളിപ്പെടുത്തി.
സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന മനു നിയമസഹായം തേടിയെത്തിയ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. 2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ മനുവിനെ സമീപിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസില്‍ ജാമ്യത്തിലായിരുന്നു മനു. കേസിന്റെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് എത്തിയ മനുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കാണുകയായിരുന്നു.